Friday, May 3, 2024
keralaLocal NewsNews

എരുമേലിയിൽ തെരുവ് നായ കടിച്ച കറവ പശു ചത്തു : നായയെ കണ്ടെത്താനായില്ല നാട്ടുകാർ ആശങ്കയിൽ .

എരുമേലി: എരുമേലി – വെച്ചുച്ചിറ പഞ്ചായത്ത് അതിർത്തി പ്രദേശമായ കുളമാങ്കുഴിയിൽ തെരുവ് നായ കടിച്ച ക്ഷീര കർഷകന്റെ കറവ പശുവാണ് രണ്ട് ദിവസം മുമ്പ് ചത്തത്.രണ്ടാഴ്ച മുമ്പാണ് സംഭവം. വെച്ചുച്ചിറ പഞ്ചായത്തിൽ താമസിക്കുന്ന ചെങ്ങംഞ്ചേരിൽ അപ്പച്ചൻ കുട്ടി എന്ന ക്ഷീര കർഷകന്റെ കറവ പശുവിനെയാണ് തെരുവ് നായ കടിച്ചത്.കഴിഞ്ഞ ദിവസം പശു ബഹളം വെച്ചതിനെ തുടർന്ന് വെച്ചുച്ചിറയിൽ നിന്നുമെത്തിയ മൃഗഡോക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പശുവിന് പേവിഷബാധ ഏറ്റതായി കണ്ടെത്തിയത്. ഇതേ തുടർന്ന് പശുവിനെ ഇൻഞ്ചക്ഷൻ നൽകി കൊല്ലുകയായിരുന്നു. അടുത്തിടെയാണ് 75000ത്തോളം രൂപക്ക് കറവ പശുവിനെ ഇദ്ദേഹം വാങ്ങിയത്. പശു ചത്തതോടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ പശുവിനെ കടിച്ച തെരുവ് നായയെ ഇതുവരെ കണ്ടെത്താനാകാത്തതാണ്  നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇതിനിടെ പശുവിന്റെ പാൽ കുടിച്ച നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടിയതായും അധികൃതർ പറഞ്ഞു. പാൽ തിളപ്പിച്ച് കുടിച്ചവർക്ക് പവിഷബാധ ഏൽക്കാൻ സാധ്യതയില്ലെന്നും എന്നാൽ ഈ പശുവിന്റെ പാൽ ഉപയോഗിച്ച് ഉണ്ടാക്കിയ  തൈര് – മോര് എന്നിവ കഴിച്ചവർ ചികിൽസ തേടണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ  നിന്നും ജനങ്ങളെ രക്ഷപ്പെടുത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും വാർഡംഗം വി.ഐ അജി പറഞ്ഞു.