Friday, May 3, 2024
keralaNews

പെരുനാട് ഗ്രാമപഞ്ചായത്തിൽ സ്വകാര്യവ്യക്തിയുടെ കൃഷി സ്ഥലത്തേക്ക് പഞ്ചായത്ത് റോഡ് നിർമ്മിച്ചു നൽകുന്നതായി പരാതി.  

പെരുനാട് :സ്വകാര്യവ്യക്തിയുടെ കൃഷി സ്ഥലത്തേക്ക് പഞ്ചായത്ത് അനധികൃതമായി റോഡ് നിർമ്മിച്ച നൽകാൻ പദ്ധതി തയ്യാറാക്കിയതായി പരാതി .പെരുനാട് പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് രണ്ടുവർഷം മുമ്പ് ടാർ മിക്സിങ് യൂണിറ്റ് തുടങ്ങുന്നതിനായി  ശ്രമം നടത്തിയ സ്വകാര്യവ്യക്തിയുടെ പറമ്പിലേക്ക് റോഡ് നിർമ്മിക്കാൻ  പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.നെടുമൺ മുതൽ  ഉഴം  വരെയുള്ള  റോഡ് നിർമ്മിക്കുന്നതിനായി  4.15 ലക്ഷം രൂപയാണ്
പ്രോജക്ട് നമ്പർ 50 2021 പ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നതെന്നും പെരുനാട് ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി പാർലമെന്ററി പാർട്ടി നേതാവുമായ അരുൺ കക്കാട് പറഞ്ഞു. എന്നാൽ പഞ്ചായത്ത് നിർമ്മിക്കാനുദ്ദേശിക്കുന്ന ഈറോഡ് മറ്റ് റോഡുകളുമായോ ,  വേറെ ഏതെങ്കിലും വ്യക്തികൾക്കോ ഒരു രീതിയിലും ഉപകാരപ്പെടുന്നതല്ലന്നും അദ്ദേഹം പറഞ്ഞു. ടാർ മിക്സിങ് യൂണിറ്റ് തുടങ്ങുന്നതി നെതിരെ  നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പദ്ധതി സ്വകാര്യ വ്യക്തി ഉപേക്ഷിക്കുകയായിരുന്നു. ഈ വ്യക്തിക്കാണ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് നിർമ്മിച്ച് നൽകുന്നത് .
എന്നാൽ ഇതേ വാർഡിൽ ഈ റോഡിന് സമീപത്തായി പതിനഞ്ചിലധികം കുടുംബങ്ങൾ താമസിക്കുന്ന നെല്ലിക്കൽ പടി റോഡ് ഉൾപ്പടെ മറ്റു പല റോഡുകളും തകർന്നു കിടക്കുമ്പോഴാണ് സ്വകാര്യവ്യക്തിയുടെ പറമ്പിലേക്ക് പഞ്ചായത്ത് റോഡ് നിർമ്മിച്ചു നൽകാൻ ഒരുങ്ങുന്നത്.പഞ്ചായത്ത് പ്രസിഡന്റിന്റെയും പന്ത്രണ്ടാം വാർഡ് മെമ്പറുടെയും ഒത്താശയയോടുള്ള ഈ പദ്ധതി ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടികളുമായി  മുന്നോട്ടു പോകാൻ ഭാരതീയ ജനതാ പാർട്ടി പെരുനാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്  സോമസുന്ദരൻ പിള്ള , ജനറൽ സെക്രട്ടറി വിനോദ് എം. എസ് , സാനു മാമ്പാറ,യുവമോർച്ച പ്രസിഡന്റ്  അനന്ദു  എന്നിവർ പറഞ്ഞു.