Friday, May 3, 2024
Local NewsNews

എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടനത്തിന് മുമ്പ് മാലിന്യങ്ങള്‍ നീക്കും

എരുമേലി: മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടനത്തിന് മുമ്പ് എരുമേലി പഞ്ചായത്തിലെ മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യാന്‍ എരുമേലി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന തീര്‍ത്ഥാടനത്തിന് മുമ്പുള്ള വിവിധ വകുപ്പുകളുടെ മുന്നൊരുക്ക യോഗത്തില്‍ തീരുമാനമായി.  എന്നാല്‍ അനധികൃതമായി പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.             ശുചിമുറി മാലിന്യങ്ങള്‍ കാര്യക്ഷമമായി നീക്കുന്നതിന് നടപടി കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു . യോഗത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് സര്‍ക്കാറിന് പ്രത്യേകം കത്ത് നല്‍കാനും യോഗം തീരുമാനിച്ചു. പഞ്ചായത്തിലെ യോഗത്തിന് ശേഷം വിവിധ വികസന പദ്ധതികള്‍ക്കുള്ള പഞ്ചായത്ത് സ്ഥലങ്ങള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരടക്കം വരുന്ന സംഘം സന്ദര്‍ശിച്ചു. കണമലയില്‍ ജീവന്‍ മിഷന് ടാങ്ക് സ്ഥാപിക്കാന്‍ കണ്ടെത്തിയ സ്ഥലം, എരുമേലി പ്രൈവറ്റ് ബസ്റ്റാന്‍ഡ് , പഞ്ചായത്ത് ശുചിമുറി, കോംപ്ലക്‌സുകള്‍, ചരള അംഗന്‍വാടിക്കായി വാങ്ങുന്ന സ്ഥലം, ഓരുങ്കല്‍ കടവില്‍ എക്‌സൈസിനും – അഗ്‌നി രക്ഷാവകുപ്പിനും പഞ്ചായത്ത് വിട്ടുകൊടുത്ത സ്ഥലങ്ങള്‍ എന്നിവടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്.