Friday, May 17, 2024
keralaNews

കോട്ടയം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനുള്ളില്‍ മഴയില്ലാത്തപ്പോഴും ചോര്‍ച്ച.

കോട്ടയം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനുള്ളില്‍ മഴയില്ലാത്തപ്പോഴും ചോര്‍ച്ച.ശീതീകരണ സംവിധാനത്തിലെ പിഴവാണ് മലിനജലം പരന്നൊഴുകാന്‍ കാരണം. അത്യാഹിത വിഭാഗത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന കവാടം മുതല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, അസ്ഥിരോഗ വിഭാഗം, രക്തശേഖരണ വിഭാഗം എന്നിവയുടെ മുന്‍ഭാഗങ്ങളിലാണ് വെള്ളം വീഴുന്നത്. ഇപ്പോള്‍ ബക്കറ്റുകള്‍െവച്ച് ഇതു ശേഖരിക്കുകയാണ്.രോഗികളെ സ്‌ട്രെച്ചറിലും വീല്‍ചെയറിലുമായി കൊണ്ടുപോകുമ്പോള്‍ ജീവനക്കാരുടെയും രോഗികളുടെ ബന്ധുക്കളുടെയും കാല്‍ തെന്നി അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.കോടികള്‍ മുടക്കി സ്ഥാപിച്ചതാണ് അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടം.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കെട്ടിടം പണി പൂര്‍ത്തീകരിച്ചെങ്കിലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് അനുബന്ധ ജോലികള്‍ പൂര്‍ത്തീകരിച്ചത്.

തുടര്‍ന്ന് 2017 മേയ് 27ന് മുഖ്യമന്ത്രി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മുറികള്‍ ശീതീകരിച്ചത്. ഈ കെട്ടിടത്തില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന ശീതീകരണ ഉപകരണം രണ്ടുവര്‍ഷത്തോളം വെയിലും മഴയുമേറ്റ് കിടന്നിരുന്നു.അന്ന് ആ വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് മുറികളില്‍ സ്ഥാപിച്ചത്.എന്നാല്‍, ഇവ സ്ഥാപിച്ചപ്പോഴുള്ള പിഴവാണ് ചോര്‍ച്ചക്ക് കാരണം. കെട്ടിടം പണിയുമ്പോള്‍ ആവശ്യമായ സംവിധാനം സജ്ജീകരിക്കാതെ പണി പൂര്‍ത്തിയായശേഷം വീണ്ടും നിര്‍മാണം നടത്തിയതാണ് ഇക്കാര്യത്തില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം അധികൃതര്‍ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.