Monday, May 13, 2024
keralaNews

ആറ് മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും. നിലവില്‍ വിശാഖപട്ടണത്തില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയായാണ് തീവ്രന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പുലര്‍ച്ചെയോടെ തെക്കന്‍ ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയില്‍ തീരം തൊടും. ആന്ധ്രയുടെ തീര മേഖലകളില്‍ കനത്ത മഴ മുന്നറിയിപ്പുണ്ട്. തെക്കന്‍ ആന്ധ്ര തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാകും കാറ്റ് വീശുന്നത്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.മേഖലയില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 95ഓളം ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. കേരളത്തിലും അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.