Friday, March 29, 2024
educationindiaNews

സംസ്ഥാനത്ത് സി ബി എസ് ഇ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാനുളള ശ്രമം ; ആഴ്ചയില്‍ മൂന്നുദിവസം ക്ലാസുകള്‍.

സംസ്ഥാനത്ത് സി ബി എസ് ഇ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന കേന്ദ്ര നിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കം. തല്‍ക്കാലം ഒമ്പതു മുതല്‍ 12വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാവും ക്ലാസുകള്‍ തുടങ്ങുക. ആഴ്ചയില്‍ പരമാവധി മൂന്നുദിവസമാകും ക്ലാസുകള്‍. ഇതിനൊപ്പം ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുകയും ചെയ്യും.
അതേസമയം ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ അഭിപ്രായം ആരാഞ്ഞശേഷമായിരിക്കും അന്തിമ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാല്‍ വിദ്യായലങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വരുന്ന ജനുവരി മുതലായിരിക്കും വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങുക എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന.

ഒമ്പതുമുതല്‍ 12 ക്ലാസ് വരെയുള്ള കുട്ടികളെ പല ബാച്ചുകളാക്കി തിരിച്ചായിരിക്കും ക്ലാസുകള്‍ നടത്തുന്നത്. ഒരേ സമയം 12 കുട്ടികളായിരിക്കും ക്ലാസുകളില്‍ ഇരിക്കുക. സാഹചര്യമനുസരിച്ച് ഓരോ സ്‌കൂളുകള്‍ക്കും തീരുമാനമെടുക്കാനുളള അനുവാദം നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ക്ലാസുകള്‍ നടത്തുക.

എന്നാല്‍, ഇത് പ്രായോഗികമാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കുട്ടികളെ എങ്ങനെ സ്‌കൂളില്‍ എത്തിക്കും എന്നതാണ് പ്രധാന പ്രശ്നം. ഒരുദിവസം പലതവണ ബസുകള്‍ ഓടിക്കേണ്ടിവരുന്നത് സ്‌കൂളുകള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കിയേക്കും. രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതും പ്രായോഗികമാവില്ല. അതിനാല്‍ എല്ലാവശവും പരിശോധിച്ചശേഷമാകും അന്തിമതീരുമാനം എടുക്കുക.