Friday, May 3, 2024
indiakeralaLocal NewsNews

എരുമേലിയില്‍ നാളെ പ്രതിഷേധ മാര്‍ച്ചും – ധര്‍ണ്ണയും

എരുമേലി: ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയെ സര്‍ക്കാരും – ദേവസ്വം ബോര്‍ഡും അവഗണിക്കുകയാണെന്ന് ശബരിമല ആചാര സംരക്ഷണ സമിതി. കേരളത്തില്‍ സ്‌കൂളുകള്‍ മുതല്‍ സിനിമ തിയേറ്ററുകള്‍ ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് ആവശ്യമായ ഇളവുകള്‍ വരുത്തി തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ മാത്രം അനാവശ്യമായ നിബന്ധനകളും ബുദ്ധിമുട്ടുകളും സൃഷ്ടിച്ച് ശബരിമല തീര്‍ത്ഥാടനത്തെ തന്നെ അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണ് നടക്കുന്നതെന്നും ശബരിമല ആചാര സംരക്ഷണസമിതി പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പരമ്പരാഗത ആചാരങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി തന്നെ ഭംഗിയായി നടപ്പാക്കാന്‍ കഴിയും. എന്നാല്‍ പരമ്പരാഗതമായ കാനന പാതകള്‍ തുറന്നുകൊടുക്കാന്‍ തയ്യാറായിട്ടില്ല. പമ്പയില്‍ നിന്ന് നീലിമല, അപ്പാച്ചിമേട്, ശബരീപീഠം വഴിയുള്ള നൂറ്റാണ്ടുകളായി തീര്‍ത്ഥാടനം നടത്തിയിരുന്ന പാത പോലും അടച്ചിട്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. എരുമേലി , പന്തളം, നിലയ്ക്കല്‍ ഇടത്താവളങ്ങളില്ലാം യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്താതെ ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണുള്ളത്.

സര്‍ക്കാരിന്റെയും ദേവസ്വം വകുപ്പിന്റെയും ശബരിമലയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് നാളെ വെള്ളിയാഴ്ച 11 എം.എം ന് എരുമേലി പേട്ട ജംഗ്ഷനില്‍ നിന്ന് ദേവസ്വം ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും ശബരിമല ആചാരങ്ങള്‍ പൂര്‍ണ്ണമായും പരിപാലിക്കാനും സംരക്ഷിക്കാനും രൂപീകരിച്ച സംഘടനയായ ശബരിമല ആചാര സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.മാര്‍ഗ്ഗ ദര്‍ശക് മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വാരൂപാനന്ദ സരസ്വതി മുഖ്യപ്രഭാക്ഷണം നടത്തും.
എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ പി. വി അനോജ് കുമാര്‍, വി സി അജികുമാര്‍, വിനീത് കുമാര്‍ ,മിഥുല്‍ മോഹന്‍,പത്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു.