Friday, May 17, 2024
keralaNews

സംസ്ഥാനത്ത് എറണാകുളം സ്വദേശിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

എറണാകുളം. യു.കെയില്‍ നിന്ന് ഈമാസം ആറിന് അബുദാബി വഴി കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആദ്യപരിശോധന നെഗറ്റീവായിരുന്നു, എട്ടാം തീയതിയാണ് കോവിഡ് പോസിറ്റീവായത്. രോഗിയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി. രോഗിയുടെ ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റീവ്, ഇരുവരും നിരീക്ഷണത്തില്‍. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന യാത്രക്കാരെയും വിവരം അറിയിച്ചെന്ന് മന്ത്രി. ഒമിക്രോണ്‍ രാജ്യത്തെ കേസുകള്‍ 38 ആയി.                                                                എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തില്‍ ആകെ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അവരില്‍ അദ്ദേഹത്തിന്റെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതല്‍ 32 വരെ സീറ്റുകളിലുണ്ടായിരുന്നവരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാവരും തന്നെ എട്ടാം ദിവസമായ നാളെ (ഡിസംബര്‍ 13) കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ                                തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം അദ്ദേഹത്തിന്റെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് ഒമിക്രോണ്‍ പോസിറ്റീവ് സ്ഥിരീകരിച്ചത്.