Sunday, May 5, 2024
Local NewsNewspolitics

എരുമേലിയില്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗത്തിന്റെ വീടിന് കാവല്‍ നിന്ന സിപിഎമ്മുകാര്‍ സിപിഐക്കാരനെ മര്‍ദ്ദിച്ചതായി പരാതി

എരുമേലി:  കോണ്‍ഗ്രസ് പഞ്ചായത്തംഗത്തിന്റെ വീടിന് കാവല്‍ നില്‍ക്കുന്നതിനായി കാറില്‍ റോഡിന് കുറുകെ കിടന്നതിനെ ചോദ്യം ചെയ്ത് സിപിഐകാരനെ സിപിഎമ്മുക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഈട്ടിക്കല്‍ റിജോ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ മുട്ടപ്പള്ളി40 ഏക്കറില്‍ വച്ചായിരുന്നു സംഭവം.വീട്ടില്‍ നിന്നും വരികയായിരുന്ന റിജോയെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുക്കൂട്ടുതറ സിപിഐ ലോക്കല്‍ സെക്രട്ടറി കെ. പി മുരളി, അസിസ്റ്റന്റ് സെക്രട്ടറി എബി കാവുങ്കല്‍ എന്നിവര്‍ പറഞ്ഞു . മര്‍ദ്ദനം സംബന്ധിച്ച് എരുമേലി പോലീസില്‍ പരാതി നല്‍കിയതായും ഇവര്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ സംഭവങ്ങളാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത് . പഞ്ചായത്ത് അംഗമായ പ്രകാശ് പള്ളിക്കൂടത്തിന്റെ വീടിന് കാവല്‍ നില്‍ക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകരാണ് റോഡിന് കുറുകെ കാറില്‍ കിടന്നിരുന്നത് .കാര്‍ എടുത്തു മാറ്റാന്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്നവര്‍ തയ്യാറായില്ല .ഇതിനിടെ കാറില്‍ കിടക്കുകയായിരുന്ന രണ്ടു പേരില്‍ ഒരാള്‍ക്ക് വന്ന ഫോണ്‍ എടുക്കുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഫോണ്‍ തിരികെ നല്‍കി റിജോ പോകുകയും ചെയ്തതായും നേതാക്കള്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഇയാള്‍ പിറ്റേദിവസം വൈകുന്നേരം റിജോയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും സിപിഐ നേതാക്കള്‍ പറഞ്ഞു. എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ വരാതെ വിട്ടു നില്‍ക്കുകയും – കഴിഞ്ഞ ദിവസംപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റിനൈതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുകയും ചെയ്ത കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗത്തിന്റെ വീടിനാണ് സിപിഎമ്മുകാര്‍ കാവല്‍ നിന്നത്.എന്നാല്‍ കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്ന സിപിഎം പ്രവര്‍ത്തകന്റെ ഫോണ്‍ മോഷ്ടിച്ച് നിരവധിപേരെ ഫോണ്‍ വിളിച്ച ശേഷം റിജോ – കാറില്‍ കിടന്നയാളിന്റെ ഭാര്യയെ വിളിച്ച് മോശമായി സംസാരിച്ചതാണ് സംഭവത്തിന് കാരണമെന്നും സിപിഐ (എം) കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി അംഗം കെ. സി ജോര്‍ജ് കുട്ടി പറഞ്ഞു .