Monday, May 6, 2024
keralaNews

എരുമേലിയില്‍ കൊച്ചുമാളികപ്പുറത്തെ ഉപദ്രവിച്ച സംഭവം; പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു

എരുമേലി: ശബരിമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ എട്ട് വയസ്സുള്ള കൊച്ചു മാളികപ്പുറത്തെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഹോട്ടല്‍ ജീവനക്കാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്‍. ബാബുക്കുട്ടന്‍ എരുമേലി പോലീസ് എസ് എച്ച് ഒ മനോജ് മാത്യു, എന്നിവര്‍ പറഞ്ഞു. പോലീസ് നടപടികള്‍ക്ക് ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്യും.
തമിഴ്‌നാട് രാമനാഥപുരം ജില്ലയില്‍ മുതുകളത്തൂര്‍ താലൂക്കില്‍ Door No: 1/32 വീട്ടില്‍ ജയപാലന്‍ തോണച്ചന്‍ ( 31 ) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്. എരുമേലി റാന്നി റോഡില്‍ ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപമുള്ള എരുമേലി സ്വദേശിയുടേതായ സീസണിലെ താത്ക്കാലിക ഉടുപ്പി ഹോട്ടലില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സംഘം ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറുകയും അവര്‍ ഭക്ഷണം കഴിച്ചശേഷം കൈ കഴുകാനായി പോയാ എട്ട് വയസുള്ള കൊച്ചുകുട്ടിയെ ഹോട്ടല്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ എരുമേലി പോലീസ് പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തു. എന്നാല്‍ രണ്ടുദിവസം മുമ്പ് ഹോട്ടല്‍ ജോലിക്കെത്തിയ ഇയാള്‍ക്ക് പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റോ, ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് കാര്‍ഡോ ഇല്ല. സംഭവത്തെ തുടര്‍ന്ന് പോലീസ് താത്ക്കാലിക ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു . ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി, ഹോട്ടല്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും സംഘടന നേതാക്കള്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ താത്ക്കാലിക കടകളിലെല്ലാം പോലീസിന്റേയോ, ആരോഗ്യവകുപ്പിന്റെയോ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ നിരവധിയാളുകളാണ് ഇത്തരത്തില്‍ ജോലി ചെയ്യുന്നതെന്നും ഹൈന്ദവ സംഘടന നേതാക്കള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.