Wednesday, April 24, 2024
keralaNews

മുല്ലപ്പെരിയാര്‍ ഡാം; കേരളം നല്‍കിയ അപേക്ഷയില്‍ മറുപടി നല്‍കാന്‍ തമിഴ്നാടിന് അനുമതി

ദില്ലി: കേരളം നല്‍കിയ അപേക്ഷയില്‍ മറുപടി നല്‍കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കി. ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ബുധനാഴ്ച വീണ്ടും സുപ്രീംകോടതി പരിഗണിക്കും. രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറുന്നതടക്കമുള്ള വിഷയങ്ങള്‍ കേരളം അപേക്ഷയില്‍ ചൂണ്ടികാണിച്ചിരുന്നു. ജനജീവിതം അപകടത്തിലാക്കുന്ന തമിഴ്‌നാടിന്റെ നടപടി തടയണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിലും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിലും തീരുമാനം എടുക്കാന്‍ കേരള തമിഴ്‌നാട് പ്രതിനിധികള്‍ ഉള്‍പ്പെട്ട ഒരു സാങ്കേതിക സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയില്‍ തുടരുകയാണ്. സ്പില്‍വേ ഷട്ടറുകള്‍ ഒന്നൊഴികെ എല്ലാം അടച്ചതിനൊപ്പം തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം. സ്പില്‍വേയില ഒരു ഷട്ടറിലൂടെ 144 ഘനടയി വെള്ളം പെരിയാറിലേക്ക് തുറന്നുവിട്ടിട്ടുണ്ട്. സെക്കന്റില്‍ 1200 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തിയും കുറഞ്ഞിട്ടുണ്ട്. പരമാവധി സമയം ജലനിരപ്പ് 142 അടിയില്‍ നിലനിര്‍ത്താനുള്ള ശ്രമം തമിഴ്‌നാട് തുടങ്ങിയിട്ടുണ്ട്.