Friday, May 3, 2024
keralaLocal NewsNews

എരുമേലിയില്‍ അയ്യപ്പ ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ സ്ഥലമില്ല; കിടക്കുന്നത് നടപ്പന്തലിലെ തറയില്‍

എരുമേലി: ശബരിമല തീര്‍ത്ഥാടനമാരംഭിച്ചിട്ടും എരുമേലിയില്‍ അയ്യപ്പ ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ സ്ഥലമില്ല. അയ്യപ്പ ഭക്തര്‍ കിടക്കുന്നത് നടപ്പന്തലിലെ പൂഴിമണ്ണ് നിറഞ്ഞ തറയില്‍ . ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എത്തുന്ന എല്ലാവര്‍ക്കും സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുമെന്ന് സര്‍ക്കാരും – ദേവസ്വം ബോര്‍ഡും പറയുമ്പോഴാണ് എരുമേലിയിലെത്തുന്ന അയ്യപ്പന്മാര്‍ പൂഴി മണ്ണില്‍ കിടന്നുറങ്ങുന്നത്. മഴവെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ പൂഴിമണ്ണാണ് നടപ്പന്തലില്‍ നിറഞ്ഞു കിടക്കുന്നത്. ഇന്ന് വെളുപ്പിന് കുട്ടികുമായി എത്തിയ മൂന്നംഗ സംഘമാണ് വലിയ അമ്പലത്തിലെ നടപ്പന്തലില്‍ കിടന്നുറങ്ങിയത്. അയ്യപ്പ ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ വിരിപ്പന്തല്‍ മാത്രമാണുള്ളത്. എന്നാല്‍ പുതിയ നിര്‍മ്മാണ പദ്ധതികളുടെ ഭാഗമായി ഷെല്‍ട്ടറുകള്‍ പൊളിച്ചുവെങ്കിലും പകരം സംവിധാനം ഒരുക്കാത്തതാണ് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ വിരിയടക്കം പാര്‍ക്കിംഗ്, കൊപ്ര, ശൗചാലയം മറ്റ് കടകള്‍ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ലേലം വച്ചിരിക്കുകയാണ്. ഇന്ന് നടക്കുന്ന ഓഫര്‍ ലേലം പൂര്‍ത്തിയായാല്‍ തുടര്‍ നടപടികള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.