Friday, May 3, 2024
keralaNewsObituary

പൂപ്പാറ ബസ്് അപകടത്തില്‍ മരണം നാലായി

ഇടുക്കി: പൂപ്പാറയില്‍ ഇന്നലെ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണം നാലായി. അപകടത്തില്‍ സാരമായി പരിക്കേറ്റ് തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തിരുനെല്‍വേലി സ്വദേശി സുധ (20)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നടന്ന അപകടത്തില്‍ സുധയടക്കം നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുനെല്‍വേലി സ്വദേശികളായ സി പെരുമാള്‍ (59), വള്ളിയമ്മ (70) എന്നിവരും എട്ട് വയസുകാരനായ സുശീന്ദ്രനും ഇന്നലെ മരിച്ചിരുന്നു. അപകടത്തില്‍ 17 ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. സാരമായി പരിക്കേറ്റവരെ തേനിയിലെ മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റിയത്. മൂന്നാറില്‍ വിവാഹത്തില്‍ പങ്കെടുത്ത ശേഷം തിരുനെല്‍വേലിയിലേക്ക് മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. തോണ്ടിമല ഇറച്ചില്‍ പാലത്തിന് സമീപത്തെ എസ് വളവില്‍ വെച്ച് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞത്. സംഭവം നടന്നയുടന്‍ ഇതുവഴി വന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ പരിക്കേറ്റ എല്ലാവരും തിരുനെല്‍വേലിയില്‍ നിന്നുള്ളവരായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് കേസെടുത്തിട്ടുണ്ട്.