Thursday, May 2, 2024
keralaNews

പട്ടിയുടെ കടിയേറ്റ സംഭവം; നഷ്ടപരിഹാരം നല്‍കണം മനുഷ്യാവകാശ കമ്മീഷന്‍

താമരശ്ശേരി അമ്പായത്തോട്ടില്‍ മദ്രസയില്‍ നിന്ന് മടങ്ങുന്ന മകനെ കാത്തു നില്‍ക്കവേ പ്രദേശവാസിയുടെ വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് ഗുരുതര പരിക്ക് പറ്റിയ യുവതിക്ക് നായ്ക്കളുടെ ഉടമസ്ഥനില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. യുവതിക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നായ്ക്കളെ അലക്ഷ്യമായി അഴിച്ചു വിട്ട ഉടമസ്ഥനെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷവാങ്ങി നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. സ്വീകരിച്ച നടപടികള്‍ 15 ദിവസത്തിനകം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അമ്പായത്തോട് മിച്ചഭൂമി സ്വദേശിനി ഫൌസിയക്കാണ് കടിയേറ്റത്. മുഖത്തും കൈകളിലും ആഴത്തില്‍ മുറിവേറ്റു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. റോഡില്‍ ഫൗസിയയെ തള്ളിയിട്ട ശേഷം ദേഹമാസകലം നായകള്‍ കടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് നായയെ പിന്തിരിപ്പിച്ചത്. ഏതാനും ദിവസം മുമ്പ് അനാഥനായ പ്രഭാകരന് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയിരുന്നു.ഇതിന് മുമ്പും പലര്‍ക്കും നായയുടെ കടിയേറ്റെങ്കിലും ഉടമ വീണ്ടും, വീണ്ടും നായയെ അശ്രദ്ധമായി തുറന്നു വിടുകയാണെന്നായിരുന്നു പരാതി. നായയുടെ അക്രമം തുടര്‍ക്കഥയായത് കാരണം നാട്ടുകാര്‍ രോഷാകുലരായി, നായയുടെ ഉടമക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.സിസിടി വിയില്‍ നായകടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ന്നിട്ടുണ്ട്. അമ്പായത്തോട് വെഴുപ്പൂര്‍ എസ്റ്റേറ്റിലെ മീനം കുളത്തുചാല്‍ ബംഗ്ലാവില്‍ റോഷന്റെ ഉമമസ്ഥതയിലുള്ളവയാണ് നായ്ക്കള്‍. മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.