Friday, May 3, 2024
Newsworld

എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നു രാത്രി റുമാനിയയിലേക്ക് പുറപ്പെടും:1500 ഇന്ത്യക്കാരെ അതിര്‍ത്തിയില്‍ എത്തിച്ചു.

യുക്രെയ്നില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു.1500 ഇന്ത്യക്കാര്‍ അതിര്‍ത്തി രാജ്യങ്ങളിലെത്തിയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ഇവരെ നാളെ ഡല്‍ഹിയിലും മുംബൈയിലും എത്തിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.നാലു അതിര്‍ത്തിരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍ സംസാരിച്ചു. എംബസിയുമായി ബന്ധപ്പെട്ടാല്‍ അതിര്‍ത്തിയിലെത്താനുള്ള എല്ലാ സഹായവും ലഭിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റുമാനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നു രാത്രി റുമാനിയയിലേക്ക് പുറപ്പെടും. ഹംഗറിയിലേക്കുള്ള വിമാനം നാളെ പുറപ്പെടും. അതിര്‍ത്തികളിലെ റോഡു മാര്‍ഗം യുക്രെയ്ന്‍ വിടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുളള റജിസ്‌ട്രേഷന്‍ ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ തുടങ്ങി. ഇതിനുള്ള മുഴുവന്‍ ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. എണ്ണൂറിലധികം വിദ്യാര്‍ഥികളെ ആദ്യം നാട്ടിലെത്തിക്കാനാണു തീരുമാനം.യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും.