Sunday, May 5, 2024
indiaNewspolitics

എന്‍. മഹേഷ് എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു

ബി.എസ്.പിയില്‍നിന്ന് പുറത്തായ കൊല്ലഗല്‍ എം.എല്‍.എ –  എന്‍. മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. രണ്ടു ദശാബ്ദത്തോളം കര്‍ണാടകയില്‍ ബി.എസ്.പിയുടെ മുഖമായിരുന്ന നേതാവാണ് മഹേഷ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി-എസുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ ബലത്തില്‍ ചാമരാജ് നഗറിലെ കൊല്ലഗലില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തിയ മഹേഷ്, സഖ്യ സര്‍ക്കാറില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. കര്‍ണാടകയുടെ ചരിത്രത്തില്‍ ബി.എസ്.പിയുടെ ആദ്യ എം.എല്‍.എയായിരുന്നു അദ്ദേഹം.

സഖ്യ സര്‍ക്കാറില്‍ വിമത നീക്കം ശക്തിപ്പെട്ട സമയത്ത് മന്ത്രിസ്ഥാനം രാജിവെച്ച അദ്ദേഹം ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഭാഗമാവാതെ നിയമസഭയില്‍ പ്രത്യേക ഇരിപ്പിടത്തിലായിരുന്നു. ബി.എസ്.പി അധ്യക്ഷ മായാവതിയുടെ നിര്‍ദേശം അവഗണിച്ച്, സഖ്യസര്‍ക്കാറിന്റെ വിശവാസവോെട്ടടുപ്പില്‍നിന്ന് വിട്ടുനിന്നതോടെ അദ്ദേഹത്തെ ബി.എസ്.പിയില്‍നിന്ന് പുറത്താക്കി. പിന്നീട് ബി.ജെ.പിയോട് ചേര്‍ന്നായിരുന്നു മഹേഷിന്റെ പ്രവര്‍ത്തനം.ബംഗളൂരു ബി.ജെ.പി ഓഫിസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ, ബി.ജെ.പി സംസ്ഥാന അധ്യഷന്‍ നളിന്‍കുമാര്‍ കട്ടീല്‍, വൈസ് പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര തുടങ്ങിയവര്‍ മഹേഷിനെ സ്വീകരിച്ചു. ദലിത് നേതാവായ മഹേഷിന്റെ ബി.ജെ.പി പ്രവേശനം മൈസൂരു, ചാമരാജ് നഗര്‍ മേഖലയില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് നേതാക്കള്‍.