Monday, April 29, 2024
indiakeralaNews

തലസ്ഥാനത്ത് വനിതാ ഡോക്ടര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും ആക്രമണം

തലസ്ഥാനത്ത് വനിതാ ഡോക്ടറെ ആക്രമിച്ചു. തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ മാലു മുരളിക്കാണ് മര്‍ദ്ദനമേറ്റത്. സുരക്ഷാ ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. മര്‍ദ്ദനമേറ്റ ഡോക്ടര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം. അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ രണ്ടുപേരാണ് ആക്രമിച്ചത്. ഇവര്‍ സ്ഥിരം പ്രശ്‌നക്കാരാണെന്നും തന്റെ വസ്ത്രം വലിച്ചുപറിക്കാന്‍ ശ്രമിച്ചെന്നും ഡോക്ടര്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരിമഠം സ്വദേശി റഷീദ് ആണ് കസ്റ്റഡിയിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. രണ്ടാമത്തെയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

മന്ത്രി വി ശിവന്‍കുട്ടി ആശുപത്രി സന്ദര്‍ശിച്ചു. ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായ സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഒ പി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുകയാണ്.കഴിഞ്ഞദിവസങ്ങളില്‍ പാറശാല ആശുപത്രിയില്‍ ഉള്‍പ്പടെ സംസ്ഥാനത്ത് പലയിടത്തും ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്തിരുന്നു. മാസ്‌ക് വയ്ക്കാത്തത് ചോദ്യം ചെയ്തതിനാണ് പാറശാലയില്‍ ഡോക്ടറെ ആക്രമിച്ചത്. ഇതിലെ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.