Tuesday, April 30, 2024
keralaNews

എന്റെ നിയമനത്തിലേക്ക് എന്തിനാണ് എല്ലാവരും രാഷ്ട്രീയം വലിച്ചിടുന്നത്? :സ്വപ്ന സുരേഷ്.

കൊച്ചി :എച്ച്ആര്‍ഡിഎസിലെ പുതിയ ജോലി ലഭിച്ചതിനു പിന്നിലെ വിവാദങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്നു സ്വപ്ന സുരേഷ്. വെള്ളിയാഴ്ചയാണു സ്വപ്ന തൊടുപുഴയിലെ ഓഫിസിലെത്തി എച്ച്ആര്‍ഡിഎസ് ഡയറക്ടറായി ചുമതലയേറ്റത്. ഇപ്പോള്‍ താന്‍ എച്ച്ആര്‍ഡിഎസിന്റെ ജോലിക്കാരിയാണെന്നു സ്വപ്ന പ്രതികരിച്ചു.ഈ സ്ഥാപനവുമായി നേരത്തേ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പ്രതിസന്ധി ഘട്ടത്തില്‍ ലഭിച്ച സഹായമാണു ജോലിയെന്നും സ്വപ്ന മാധ്യമങ്ങളോടു പറഞ്ഞു. ജോലി ലഭിക്കുന്നതിനായി ഒരുപാടു പേരെ സമീപിച്ചിരുന്നു. ജോലി തരാന്‍ പേടിയാണെന്നു പലരും പറഞ്ഞു. അനില്‍ എന്നൊരു സുഹൃത്ത് വഴിയാണ് എച്ച്ആര്‍ഡിഎസില്‍ ജോലിക്ക് അവസരം കിട്ടിയത്.

രണ്ടു റൗണ്ട് അഭിമുഖങ്ങള്‍ക്കു ശേഷമായിരുന്നു നിയമനം. സ്ഥാപനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ല. എന്റെ നിയമനത്തിലേക്ക് എന്തിനാണ് എല്ലാവരും രാഷ്ട്രീയം വലിച്ചിടുന്നത്? വരുമാനം ഉണ്ടായാലേ മക്കളുടെ കാര്യങ്ങള്‍ നോക്കാനാകൂ. എന്നെ കൊല്ലണമെങ്കില്‍ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാനെന്റെ മക്കളെ വളര്‍ത്തട്ടെ, ജീവിക്കാന്‍ അനുവദിക്കണം സ്വപ്ന പറഞ്ഞു.സ്വപ്ന പുതിയ ജോലിയില്‍ പ്രവേശിച്ചതിനു പിന്നാലെ അവരുടെ നിയമനം റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. സ്വപ്നയ്ക്കു ജോലി നല്‍കിയതു നിയമവിരുദ്ധമാണെന്നും തനിക്കോ ബോര്‍ഡിനോ പങ്കില്ലെന്നും ഡല്‍ഹി ആസ്ഥാനമായ സര്‍ക്കാരിതര സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ചെയര്‍മാനും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാര്‍ പറഞ്ഞു.