Thursday, May 2, 2024
keralaNewspolitics

‘എന്റെ കേരളം’ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ഉദ്ഘാടനം ഇന്ന്

കണ്ണൂര്‍: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകീട്ട് 6 ന് കണ്ണൂരിലെ പോലീസ് മൈതാനിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

‘എന്റെ കേരളം’ മെഗാ എക്‌സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജന്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ മറ്റ് മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കും.

മേയ് 20 നാണ് രണ്ടാം പിണറായി സര്‍ക്കാര്‍ വാര്‍ഷിക ദിനം ആഘോഷിക്കുന്നത്. അന്ന് വരെ നീളുന്ന ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഈ മാസം 14 വരെയാണ് മെഗാ എക്സിബിഷന്‍ നടക്കുക.

എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ എന്ന പ്രദര്‍ശന മേള നടക്കും. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. മേയ് 20ന് തിരുവനന്തപുരത്ത് ആയിരിക്കും വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനം നടക്കുക.

ചടങ്ങില്‍ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍ കുട്ടി, എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, എംവി ഗോവിന്ദന്‍, എന്നിവരും എംപിമാരായ കെ മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, കെ കെ ശൈലജ, ഉള്‍പ്പെടെയുളളവരും പങ്കെടുക്കും