Friday, May 17, 2024
Newsworld

ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാതെ ഡപ്യൂട്ടി സ്പീക്കര്‍.

പാക് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാതെ ഡപ്യൂട്ടി സ്പീക്കര്‍. ദേശീയസുരക്ഷ മുന്‍നിര്‍ത്തി ഏപ്രില്‍ 25 വരെ അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ സഭ പിരിഞ്ഞു. എന്നാല്‍ പാക് ദേശീയ അസംബ്ലി പിരിച്ച് വിടണമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ഇമ്രാന്‍ഖാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ അണികളോടും ഇമ്രാന്‍ ആഹ്വാനം ചെയ്തു.

അങ്ങേയറ്റം നാടകീയ സംഭവങ്ങളാണ് പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ നടന്നത്. സ്പീക്കര്‍ക്കെതിരെയും പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടിസ് നല്‍കിയതിനെ തുടര്‍ന്ന് ഡപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിച്ചത്. ഭരണപക്ഷ പ്രതിഷേധം ഉള്‍പ്പെടെ കണക്കിലെടുത്ത് ഇസ്ലാമബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ടു ഘടകകക്ഷികള്‍ കൂറുമാറിയതോടെ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്.