Saturday, April 27, 2024
Newsworld

യുഎഇ ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ജൂലൈ ആറ് വരെ നീട്ടി

കോവിഡ് സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ ജൂലൈ ആറ് വരെ നീട്ടി. തിരികെ പോകുന്ന യുഎഇ പൗരന്മാര്‍ക്കു വിലക്ക് ബാധകമല്ല.ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള യാത്രകള്‍ ജൂലൈ ആറ് വരെ യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) റദ്ദാക്കിയ കാര്യം എയര്‍ ഇന്ത്യ എക്സ്പ്രസാണ് അറിയിച്ചത്. വിലക്ക് ഏര്‍പ്പെടുത്തിയ കാലയളവിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തവര്‍ യാത്ര പുതിയ തിയതിയിലേക്കു ക്രമീകരിക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരോട് നിര്‍ദേശിച്ചു.

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം തുടരുന്ന സാഹചര്യത്തില്‍ യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ പതിനായിരക്കണക്കിനു മലയാളികളാണു യുഎയിലേക്കു മടങ്ങാന്‍ കഴിയാതെ കുടുങ്ങിയത്. ഇവരെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നതാണു യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പുതിയ തീരുമാനം.യാത്ര അനിശ്ചിതമായി നീളുന്നത് ജോലി നഷ്ടപ്പെടുമെന്ന ഭയം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ വ്യാപകമായി പിടികൂടിയിട്ടുണ്ട്. ഇതു മറികടക്കാന്‍ മറ്റു ചില രാജ്യങ്ങളിലേക്കു യാത്ര ചെയ്ത് 15 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി യുഎഇയിലേക്കു പ്രവേശിക്കുന്നവര്‍ നിരവധിയാണ്. പലരും അര്‍മേനിയ, ഉസ്ബെക്കിസ്ഥാന്‍ വഴിയാണ് യുഎഇയിലെത്തുന്നത്.

ഇത് നാലാം തവണയാണ് ഇന്ത്യക്കാരായ വിമാനയാത്രക്കാരുടെ പ്രവേശന വിലക്ക് യുഎഇ നീട്ടുന്നത്. ഏപ്രില്‍ 24നാണു വിലക്ക് ആദ്യമായി നിലവില്‍ വന്നത്. കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമായ സാഹചര്യത്തില്‍, യുഎഇയുടെ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) യാത്രാ വിലക്ക് മേയ് നാലിനു നീട്ടി. ജൂണ്‍ 14 വരെ ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി ജൂണ്‍ 30 വരെ ആക്കുകയായിരുന്നു. ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്നുള്ള യാത്രാ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ദുബായ് എമിറേറ്റ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.നിലവില്‍ യുഎഇ പൗരന്മാര്‍, യുഎഇ ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമാണ് ഇന്ത്യയില്‍നിന്നു യുഎഇയിലേക്കു യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. ജിസിഎഎയുടെ അനുമതിക്കു വിധേയമായി ചാര്‍ട്ടേഡ് ഫ്ളൈറ്റുകളും അനുവദനീയമാണ്. അതേസമയം, യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കു തടസമില്ല.ഇന്ത്യക്കാര്‍ക്ക് ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.