Saturday, May 4, 2024
keralaNewspolitics

ഉദ്യോഗസ്ഥര്‍ ഉറങ്ങിയത് പോളിങ് ബൂത്തുകളില്‍; ഒപ്പം ‘ഐക്യദാര്‍ഢ്യം’ പ്രഖ്യാപിച്ച് രാത്രിയില്‍ കലക്ടറും

ജില്ലയിലെ 15,596 പോളിങ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഉറങ്ങിയത് പോളിങ് ബൂത്തുകളില്‍. ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കലക്ടര്‍ എസ്.സുഹാസും രാത്രി ഏറെനേരം പോളിങ് ബൂത്തില്‍ ചെലവഴിച്ചു. കലക്ടറുടെ രാത്രി ഭക്ഷണവും ബൂത്തിലായിരുന്നു. കൊച്ചി മണ്ഡലത്തിലെ രാമന്‍തുരുത്ത് ബൂത്തിലാണ് രാത്രി കലക്ടര്‍ ക്യാംപ് ചെയ്തത്. വൈകിട്ട് ഏഴരയ്ക്കാണ് കലക്ടര്‍ ബൂത്തിലെത്തിയത്.

അസി.കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, കൊച്ചി തഹസില്‍ദാര്‍ ഐ.ജെ.മധുസൂദനന്‍, ഫോര്‍ട്ട് കൊച്ചി സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ കെ.ബി.സുജി എന്നിവരും ഒപ്പമുണ്ടായിരുന്നു. ആയിരക്കണക്കിന് ഉദ്യോഗസ്ഥരും പൊലീസും ഒരു മാസമായി വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്താണ് തിരഞ്ഞെടുപ്പു നടപടികള്‍ വിജയപൂര്‍വമായ പരിസമാപ്തിയിലെത്തിക്കുന്നതെന്നു കലക്ടര്‍ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികളുടെ പൂര്‍ണ പിന്തുണ ലഭിച്ചു.