Monday, May 6, 2024
keralaNews

ഉത്സവ സീസണായതോടെ കള്ളന്മാരും വ്യാപകമായതായി പോലീസിന്റെ മുന്നറിയിപ്പ്.

പത്തനംതിട്ട: ഉത്സവ സീസണായതോടെ കള്ളന്മാരും വ്യാപകമായതായി പോലീസിന്റെ മുന്നറിയിപ്പ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. അല്‍പ്പം ശ്രദ്ധിച്ചാല്‍ മോഷണം തടയാമെന്ന് കുന്നത്തുനാട് പോലീസ് ഇന്‍സ്പെക്ടര്‍ വി.ടി ഷാജന്‍ പറഞ്ഞു. ജനലുകള്‍ തുറന്നിട്ട് ഉറങ്ങുന്നത് ഒഴിവാക്കണം, ചെറിയ കുട്ടികള്‍ക്ക് ആഭരണം ധരിപ്പിക്കരുത്, എല്ലാരും ഒരേസമയം വീട് വിട്ട് പോകാതിരിക്കുക എന്നിങ്ങനെ നീളുന്നു നിര്‍ദ്ദേശങ്ങള്‍.

പോലീസ് ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശം ഇങ്ങനെ

‘വീട് പൂട്ടി പോകുന്നതിനു മുമ്പ് വാതിലുകളും ജനലുകളും ഭദ്രമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. പണവും ആഭരണങ്ങളും അലമാരയില്‍ അല്ലാതെ വിവിധ സ്ഥലങ്ങളിലായി ഒളിച്ചു സൂക്ഷിക്കുക. ഉത്സവങ്ങള്‍ അടക്കമുള്ള പൊതുഇടങ്ങളില്‍ പോകുമ്പോള്‍ ധരിക്കുന്ന സ്വര്‍ണ്ണ മാല വസ്ത്രവുമായി ഒരു സേഫ്റ്റി പിന്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുക. പിന്നില്‍ നിന്നും മാല പൊട്ടിക്കുന്നത് ഇതുവഴി തടയാനാകും.ചെറിയകുട്ടികള്‍ക്ക് ആഭരണങ്ങള്‍ ധരിപ്പിക്കരുത്. വീട്ടില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കൂടുതലുണ്ടെങ്കില്‍ എല്ലാവരുംകൂടി ഒരേസമയം വീട് വിട്ട് പോകാതിരിക്കുക.

അയല്‍വാസികളോട് വീട് ശ്രദ്ധിക്കുന്ന കാര്യം പറഞ്ഞേല്‍പ്പിക്കുക. വീടിന് പുറത്ത് മുന്‍വശത്തും പുറകുവശത്തും രാത്രിയില്‍ ലൈറ്റ് തെളിച്ചിടുക. പ്രായമായവരെയും കുട്ടികളേയും വീട്ടിലാക്കി പോകുമ്പോള്‍, അപരിചിതര്‍ വന്നാല്‍ വാതില്‍ തുറക്കരുതെന്ന് പറയുക. രക്ഷാകര്‍ത്താക്കളുമായി സംസാരിച്ചശേഷം വാതില്‍ തുറക്കുക. വീട്ടില്‍ വരുന്ന അപരിചിതരോട് ജനലിലൂടെ മാത്രം സംസാരിക്കുക, വീട്ടില്‍ വരുന്ന അപരിചിതരുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ എടുക്കുന്നത് ശീലമാക്കുക’.