Friday, May 10, 2024
HealthkeralaNews

ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച ലോക്ഡൗണ്‍; മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്ക് കനത്ത പിഴ

സംസ്ഥാന വ്യാപകമായി ഞായറാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടൊപ്പം മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്ക് കനത്ത പിഴ ചുമത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 1000 രൂപ പിഴ ചുമത്താനും ഈ കുറ്റം വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ അവരില്‍ നിന്നും 10000 രൂപ ഈടാക്കാനുമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ലോക്ഡൗണ്‍ ദിവസം പൊതു ഇടങ്ങള്‍ എല്ലാം അണുവിമുക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 20,510 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 1.11 ലക്ഷമായി ഉയര്‍ന്നു.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൊവിഡ് സെന്ററുകളായി മാറ്റും. പ്രയാഗ് മെഡിക്കല്‍ കോളേജ് പ്രത്യേക കൊവിഡ് ആശുപത്രിയായി മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ എടുത്തത്.