Sunday, April 28, 2024
indiaNews

വരന് രണ്ടിന്റെ ഗുണനപ്പട്ടിക അറിയില്ലെന്ന് മനസിലായതോടെ വിവാഹ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയി വധു.

വരന് രണ്ടിന്റെ ഗുണനപ്പട്ടിക അറിയില്ലെന്ന് മനസിലായതോടെ വിവാഹ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയി വധു. മഹോബ ജില്ലയിലെ ധാര്‍വാര്‍ ഗ്രാമത്തിലാണ് സംഭവം. വരനും സംഘവും ശനിയാഴ്ചയായിരുന്നു വിവാഹത്തിനെത്തിയത്. എന്നാല്‍ വരന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം തോന്നിയ പ്രതിശ്രുത വധു ലളിതമായ ഒരു കണക്ക് പരീക്ഷ മുന്നോട്ടുവച്ചു.രണ്ടിന്റെ ഗുണനപ്പട്ടിക ചൊല്ലാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം വരണമാല്യം ചാര്‍ത്താമെന്നും പറഞ്ഞു. എന്നാല്‍ വരന്‍ പരീക്ഷയില്‍ പരാജയപ്പെട്ടതോടെ വിവാഹം മുടങ്ങി. ഇരു കുടുംബത്തിലെയും അംഗങ്ങളും ഗ്രാമീണരും ചടങ്ങിനായി ഒത്തുകൂടിയിരുന്നു. വിവാഹച്ചടങ്ങുകള്‍ തുടങ്ങാനിരിക്കേ വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപോകുകയായിരുന്നു. ഗണിതത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഒരാളെ തനിക്ക് വേണ്ടെന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. വിവാഹ സ്ഥലത്ത് തര്‍ക്കമായതോടൊ പൊലീസും എത്തി.കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വരന്‍ നിരക്ഷരനാണെന്ന് അറിഞ്ഞത് ഞെട്ടിച്ചുവെന്നും വരന്റെ വീട്ടുക്കാര്‍ ഇക്കാര്യം മറച്ചുവച്ചാണ് വിവാഹത്തിന് ഒരുങ്ങിയതെന്നുമാണ് വധുവിന്റെ ബന്ധു പറയുന്നത്. ഇരു കുടുംബങ്ങളും ചേര്‍ന്ന് വിഷയം ഒത്തുതീര്‍പ്പാക്കിയതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. പരസ്പരം നല്‍കിയ ആഭരണങ്ങളും സമ്മാനങ്ങളും തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്ന് പൊലീസ് പറഞ്ഞു.