Friday, April 26, 2024
indiaNews

ഇന്ത്യ ഗേറ്റില്‍ കര്‍ത്തവ്യപഥ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത വികസന പദ്ധതിയുടെ ഭാഗമായി ഇന്ത്യ ഗേറ്റില്‍ കര്‍ത്തവ്യപഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു ഉദ്ഘാടനത്തിന് മുന്നോടിയായി പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.സെന്‍ട്രല്‍ വിസ്ത അവന്യുവില്‍ സജ്ജീകരിച്ചിരുന്ന പ്രദര്‍ശനം പ്രധാനമന്ത്രി വീക്ഷിച്ചു. ഇന്ത്യാ ഗേറ്റിന് സമീപം പണികഴിപ്പിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍ പ്രതിമയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 28 അടി ഉയരമുള്ള പ്രതിമയാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്.കൊളോണിയല്‍ ഭൂതകാലത്തിന്റെ ശേഷിപ്പുകളോട് വിടപറയുന്നതിന്റെ ഭാഗമായാണ് രാജ്പഥ്, കര്‍ത്തവ്യപഥ് ആയി മാറിയിരിക്കുന്നത് എന്ന് പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. പൊതു ശൗചാലയങ്ങള്‍, കുടിവെള്ളം, ഇരിപ്പിടങ്ങള്‍, നവീകരിച്ച പാര്‍ക്കിംഗ് സംവിധാനം എന്നിവ ഉള്‍പ്പെടെയുള്ള ഭാഗമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരിക്കുന്നത്.പൊതുഗതാഗതത്തിന് വലിയ തോതില്‍ തടസ്സം സൃഷ്ടിക്കാതെ റിപ്പബ്ലിക് ദിന പരേഡ് ഉള്‍പ്പെടെ ഉള്ളവ നടത്താന്‍ കര്‍ത്തവ്യപഥില്‍ സാധിക്കും. രാജ്യത്തിന്റെ ശില്‍പ്പകലാ പാരമ്പര്യത്തിന്റെ മികച്ച ഉദാഹരണമായിരിക്കും സെന്‍ട്രല്‍ വിസ്ത അവന്യു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. മനോഹരമായ പൂന്തോട്ടം, നടപ്പാതകള്‍, ജലധാരകള്‍, അടിപ്പാതകള്‍, രാത്രികാഴ്ചാ സംവിധാനം, കൃത്യമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, മഴവെള്ള സംഭരണികള്‍, ജലസംരക്ഷണ സംവിധാനങ്ങള്‍ എന്നിവയും കര്‍ത്തവ്യപഥിന്റെ സവിശേഷതകളാണ്.