Monday, April 29, 2024
keralaNews

ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ്.

മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) പൊലീസ് കേസെടുത്തു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗൂഢാലോചനയ്ക്കും കേസ് എടുത്തിട്ടുണ്ട്. ഡോളര്‍ കടത്തിന് മുഖ്യമന്ത്രി കൂടി പ്രേരിപ്പിച്ചുവെന്ന സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണു നടപടി.

 

കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചിരുന്നു.ശബ്ദം തന്റേതാണെന്നു സ്വപ്ന ജയില്‍ അധികൃതര്‍ക്കു സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയിരുന്നു. സ്വപ്നയുടെ സുരക്ഷയ്ക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും നിര്‍ണ്ണായകമായി. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചത് കേട്ടുവെന്നായിരുന്നു മൊഴി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടര്‍ന്നായിരുന്നു കേസെടുത്തത്.തെറ്റായി ഒരാളെ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ലെന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു സ്വപ്നയുടെ ശബ്ദരേഖ. ശബ്ദരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ടത് ഇഡിയാണ്. 20-11-2020ന് ഇഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ഈ അന്വേഷണത്തിലാണ് ഇഡിക്കെതിരെ സാക്ഷിമൊഴികള്‍ ലഭിച്ചത്.