Tuesday, May 14, 2024
keralaNewspolitics

കഴിഞ്ഞ തവണത്തേതിലും കൂടുതല്‍ സീറ്റുണ്ടാകും; വിജയം ഉറപ്പെന്ന് പിണറായി

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സംശയം വേണ്ടെന്നും കഴിഞ്ഞ തവണത്തേതിലും കൂടുതല്‍ സീറ്റു കിട്ടുമെന്നും പിണറായി പറഞ്ഞു. എത്ര സീറ്റു പ്രതീക്ഷിക്കുന്നുണ്ട് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.ശബരിമല അടക്കം വിവിധ വിഷയങ്ങളില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യത്തില്‍ അവ്യക്തതയില്ലെന്നും അന്തിമ വിധി വരുമ്പോള്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘വിധി വരട്ടെ, വിധി വന്നതിന് ശേഷം നടപടികള്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും ഈ പ്രശ്നം ഉണ്ടായിരുന്നു. ഏതെങ്കിലും തരത്തില്‍ ആളുകളെ സ്വാധീനിച്ച് അതു കുറച്ചു വോട്ടാക്കാന്‍ കഴിയുമോ എന്ന ചിന്തയുടെ ഭാഗമാണ്. അത് ഏശില്ല എന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ വ്യക്തമായി. കാരണം ആളുകള്‍ക്ക് ഇത് ബോധ്യമാണ്. സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ കുറിച്ച് ആളുകള്‍ക്കോ വിശ്വാസികള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള സംശയമില്ല’ – മുഖ്യമന്ത്രി പറഞ്ഞു.കോലീബി സഖ്യത്തെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. ’91ന് മുമ്പാണ് കോലീബി സഖ്യം യഥാര്‍ത്ഥത്തില്‍ ഉണ്ടാകുന്നത്. ആ സഖ്യത്തെ ഫലപ്രദമായി പരാജയപ്പെടുത്താന്‍ കഴിഞ്ഞു. വടകരയിലും ബേപ്പൂരിലും അതാണ് സംഭവിച്ചത്. വലിയ തോതില്‍ ഒറ്റപ്പെടുന്ന അവസ്ഥ വന്നു. പിന്നീടാണ് ഏതാനും മണ്ഡലങ്ങളില്‍ ഈ പറഞ്ഞ സഖ്യം നടക്കുന്നത്. അന്നത്തെ മുഖ്യമന്ത്രിയോട് ചിലര്‍ പറഞ്ഞു. നിങ്ങള്‍ ആ കസേരയില്‍ ഇരിക്കുന്നത് ഞങ്ങള്‍ സഹായിക്കുന്നത് കൊണ്ടാണ് എന്ന്. ഇത്തരത്തിലുള്ള കൂട്ടുകെട്ടുകള്‍ നേരത്തെ നടക്കുന്നുണ്ടായിരുന്നു. അന്ന് ബിജെപിയുടെ വോട്ടു വാങ്ങലായിരുന്നു. എന്നാല്‍ ആദ്യത്തെ കോലീബി സഖ്യത്തില്‍ അത് മാത്രമായിരുന്നില്ല. ബിജെപിക്കാര്‍ക്ക് കുറച്ച് സഹായം ചെയ്തു കൊടുക്കാനും സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനും ശ്രമിച്ചിരുന്നു. പിന്നീട് ബിജെപിക്ക് ഇവിടെ അക്കൗണ്ട് തുടങ്ങാന്‍ കഴിഞ്ഞത് ഈ ഇടപെടലിലൂടെയാണ്. ഒ രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ് സഹായിച്ച്, കോണ്‍ഗ്രസിന്റെ വോട്ട് ആ മണ്ഡലത്തില്‍ പിന്നെ കാണാനില്ല. അങ്ങനെയാണ് സംഭവിക്കുന്നത്. ആ തരത്തിലാണ് നേമത്ത് രാജഗോപാലിന് ജയിച്ചു വരാന്‍ കഴിഞ്ഞത്. അത് രാജഗോപാല്‍ തന്നെ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നു.’- പിണറായി ചൂണ്ടിക്കാട്ടി.