Tuesday, May 14, 2024
keralaNews

ഗ്രോ വാസുവിനെ വെറുതെ വിട്ടു; കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി

കോഴിക്കോട് : മാവോയിസ്റ്റുകളെ വധിച്ചതിനെതിരെ പ്രതിഷേധിച്ച കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി യുടേതാണ് വിധി. കഴിഞ്ഞ 45 ദിവസമായി കേസിൽ റിമാന്റിൽ കഴിയുകയായിരുന്നു അദ്ദേഹം.                                                     ഗ്രോ വാസുവിനെതിരെ കുറ്റങ്ങളൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഗ്രോ വാസുവിനെ കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ കഴിഞ്ഞ ഒന്നര മാസമായി ഗ്രോ വാസു ജയിലിലാണ്.വാറണ്ടിനെതുടര്‍ന്ന് ജൂലൈ 29 നാണ് ഗ്രോ വാസുവിനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.                                                                                                                                              2016 ല്‍ നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, മെഡിക്കല്‍ കോളജ് മോര്‍ച്ചറി പരിസരത്ത് നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് ഗ്രോ വാസുവിനെതിരെ പൊലീസ് കേസെടുത്തത്.വാഹനങ്ങള്‍ തടഞ്ഞു, ഗതാഗത തടസ്സം ഉണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.കേസില്‍ 20 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 17 പേരെ നേരത്തെ വെറുതെ വിട്ടിരുന്നു. രണ്ടുപേര്‍ പിഴ അടയ്ക്കുകയും ചെയ്തു.                                                                                            ഗ്രോ വാസു മാത്രമാണ് കേസില്‍ അവശേഷിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ വേളയില്‍ ഗ്രോ വാസു പൊലീസിനും സര്‍ക്കാരിനുമെതിരെ പ്രതിഷേധിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.