Saturday, May 4, 2024
keralaNews

ഇടുക്കിയില്‍ അനധികൃതമായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പും നാടന്‍ തോക്കുമായി ഒരാള്‍ അറസ്റ്റില്‍

വീട്ടില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പും നാടന്‍ തോക്കുമായി ഒരാള്‍ പിടിയില്‍. വട്ടവട ഗ്രാമപഞ്ചായത്തിലെ ചിലന്തിയാര്‍ സ്വദേശി ലക്ഷ്മണന്‍ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്. സംസ്ഥാന വ്യാപകമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡിന്റെ ഭാഗമായാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്ബും നാടന്‍ തോക്കുമായി ഇയാള്‍ പിടിയിലായത്. ദേവികുളം പൊലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് രാവിലെ ഏഴുമണിക്ക് വട്ടവട ചിലന്തിയറില്‍ പൊലീസ് പരിശോധന നടത്തവേയാണ് ആനക്കൊമ്ബും നാടന്‍തോക്കും കണ്ടെടുത്തത്. ദേവികുളം പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി എടുത്ത ശേഷം പ്രതിയായ ലക്ഷ്മണ്ണനെ കോടതിയില്‍ ഹാജരാക്കി.                                             തോക്ക് കണ്ടെത്തിയ പശ്ചാത്തലത്തില്‍ കൂടുതല്‍ വിശദമായ പരിശോധനകളും അന്വേഷണവും നടത്തേണ്ട ആവശ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.ആനക്കൊമ്പ് എങ്ങനെ ലഭിച്ചുവെന്നുള്ള കാര്യവും സമാനമായ സംഭവങ്ങള്‍ ഉണ്ടോ എന്ന് ഉറപ്പിക്കുന്നതിനുള്ള അന്വേഷണവും ഊര്‍ജിതമാക്കുമെന്നും ദേവികുളം സി.ഐ ബി.വിനോദ്കുമാര്‍ പറഞ്ഞു. പൊലീസ്, വനംവകുപ്പ്, എക്സൈസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടക്കുന്നത്. നാടന്‍ തോക്ക് കോടിതിയില്‍ ഹാജരാക്കുകയും ആനക്കൊമ്പ് വനം വകുപ്പിന് കൈമാറുകയും ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബി.വിനോദ് കുമാര്‍, എസ്.ഐ മാരായ ബിബിന്‍ റ്റി.ബി, അലിയാര്‍,സി പി ഒ മരായ മുകേഷ്, അശോകന്‍, അമല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.