Wednesday, May 1, 2024
keralaNews

സ്വകാര്യ ആശുപത്രികളിലെ മുറികളുടെ നിരക്ക് നിശ്ചയിക്കേണ്ടത് ആശുപത്രികളല്ല; സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ മുറികളുടെ നിരക്ക് ആശുപത്രികള്‍ക്ക് തന്നെ തീരുമാനിക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. കോടതിയെ മറികടന്നുള്ള നടപടിയാണ് ഇതെന്ന് പറഞ്ഞ ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. പിഴവ് തിരുത്താന്‍ ഒരാഴ്ച സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. അതുവരെ പരിഷ്‌കരിച്ച ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു.ഇതോടെ മുറികളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇനി നടപ്പാക്കാനാവില്ല. കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ കഴുത്തറപ്പന്‍ നിരക്ക് ഈടാക്കിയതോടെയാണ് കോടതി ഇടപെട്ടത്. സര്‍ക്കാര്‍ നിശ്ചയിച്ച ചികിത്സാ നിരക്കിന്റെ പരിധിയില്‍നിന്ന് മുറികളെ ഒഴിവാക്കിയത് ഗൗരവതരമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു.സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഇല്ലാതാക്കുന്നതാണ് സര്‍ക്കാരിന്റെ പരിഷ്‌കരിച്ച ഉത്തരവെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെ റദ്ദാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എല്ലാ ഭാരവും കോടതിയുടെ ചുമലില്‍ വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അനുബന്ധ രോഗങ്ങള്‍ ഉള്ളവരുടെ നിരക്കിന്റെ കാര്യത്തിലും സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് കോടതി പറഞ്ഞു. ജൂണ്‍ 16നാണ് സര്‍ക്കാര്‍ പരിഷ്‌കരിച്ച ഉത്തരവ് ഇറക്കിയത്.