Monday, April 29, 2024
keralaNews

ഇഎംസിസിയുമായുള്ള 5000 കോടിയുടെ ധാരണാപത്രവും റദ്ദാക്കി; ഉത്തരവ് ഇന്ന്

വിവാദ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്കായി അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായി കേരള വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) ഒപ്പിട്ട 5000 കോടി രൂപയുടെ ധാരണാപത്രവും റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിപക്ഷ ആരോപണങ്ങളും തീരമേഖലയിലെ പ്രതിഷേധവും രാഷ്ട്രീയ തിരിച്ചടിയാകുന്ന പശ്ചാത്തലത്തിലാണു പിന്മാറ്റം. ധാരണാപത്രം എത്രയും വേഗം റദ്ദാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായമന്ത്രി ഇ.പി. ജയരാജനോടു നിര്‍ദേശിച്ചു. ഉത്തരവ് ഇന്നിറങ്ങും. വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തില്ല.

കൊച്ചിയില്‍ 2020 ജനുവരിയില്‍ നടന്ന അസെന്‍ഡ് നിക്ഷേപക സംഗമത്തിനു പിന്നാലെ ഫെബ്രുവരി 28നാണു ധാരണാപത്രം ഒപ്പിട്ടത്. പദ്ധതി സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധവും മത്സ്യനയത്തിന്റെ ലംഘനവുമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചപ്പോള്‍ ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാദം. തെളിവുകള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായ സര്‍ക്കാര്‍, 2950 കോടിയുടെ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ഇഎംസിസി ധാരണാപത്രം മാത്രം റദ്ദാക്കി തടിയൂരാനും ശ്രമിച്ചു. പ്രതിഷേധം ശക്തമായി തുടര്‍ന്നതോടെയാണ് 5000 കോടിയുടെ ആദ്യ ധാരണാപത്രം കൂടി റദ്ദാക്കാന്‍ തീരുമാനിച്ചത്. ധാരണാപത്രത്തിന് 6 മാസ കാലാവധിയേയുള്ളൂവെന്ന കെഎസ്‌ഐഡിസിയുടെ വാദം തെറ്റാണെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതോടെ സര്‍ക്കാരിനു മറ്റു വഴിയില്ലാതായി. അതേസമയം, ഇഎംസിസിക്കു ചേര്‍ത്തല പള്ളിപ്പുറം മെഗാ ഫുഡ് പാര്‍ക്കില്‍ 4 ഏക്കര്‍ അനുവദിച്ച ഉത്തരവ് ഇപ്പോഴും റദ്ദാക്കിയിട്ടില്ല.

തീരുമാനം പ്രതിപക്ഷം വിവാദമാക്കിയതിനാല്‍

‘ഇഎംസിസിയുമായുള്ള ധാരണാപത്രം പ്രതിപക്ഷം വിവാദമാക്കിയതു കൊണ്ടാണ് ഒഴിവാക്കുന്നത്. വേണമെങ്കില്‍ ദുര്‍വ്യാഖ്യാനിക്കാം. എന്നാല്‍ ദുര്‍വ്യാഖ്യാനത്തിനും തര്‍ക്കത്തിനും ഞങ്ങളില്ല. ചേര്‍ത്തലയില്‍ ഇഎംസിസിക്കു സ്ഥലം നല്‍കാമെന്നു കരാറില്ല. സ്ഥലമുണ്ടെന്ന് അറിയിക്കുക മാത്രമാണു ചെയ്തത്.’ മന്ത്രി ഇ.പി. ജയരാജന്‍