Wednesday, May 15, 2024
keralaNews

നിരാശ മൂടി സമരപ്പന്തല്‍; സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷ മങ്ങി സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍

പ്രതീക്ഷയുടെ ആകാശത്തുനിന്നു പാതാളത്തിലേക്ക് എടുത്തെറിയപ്പെട്ട പോലെയായിരുന്നു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന എല്‍ജിഎസ്-സിപിഒ ഉദ്യോഗാര്‍ഥികള്‍. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരുമായി ചര്‍ച്ച കഴിഞ്ഞ സാഹചര്യത്തില്‍ ഇന്നലത്തെ മന്ത്രിസഭാ യോഗത്തെ പ്രതീക്ഷയോടെയാണ് അവര്‍ ഉറ്റുനോക്കിയത്. വിഷയം ചര്‍ച്ച ചെയ്യുമെന്നും അനുകൂല തീരുമാനങ്ങള്‍ ഉണ്ടാവുമെന്നും അവര്‍ പ്രതീക്ഷിച്ചു. സര്‍ക്കാരുമായും പാര്‍ട്ടിയുമായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അവര്‍ക്കു നല്‍കിയിരുന്ന ഉറപ്പും അതായിരുന്നു. മന്ത്രിസഭ കൂടുമ്പോള്‍ ശ്രദ്ധ ക്ഷണിക്കാന്‍ പുറത്ത് റോഡില്‍ ഇഴയുകയായിരുന്നു സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റുകാര്‍. ചുട്ടു പൊളളുന്ന വെയിലില്‍ ഇഴഞ്ഞ 9 പേരില്‍ തളര്‍ന്നു വീണ 3 പേരെ ആശുപത്രിയിലേക്കു മാറ്റി. ഉച്ചയോടെ മന്ത്രിസഭാ തീരുമാനങ്ങള്‍ വന്നപ്പോള്‍ സമരപ്പന്തലില്‍ കടുത്ത നിരാശ പടര്‍ന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും മന്ത്രിസഭ തയാറായില്ല എന്നതാണ് അവരെ കൂടുതല്‍ സങ്കടപ്പെടുത്തിയത്.

‘ഞങ്ങളോട് സര്‍ക്കാരിന് ഇത്രയേറെ വിരോധത്തിനു കാരണമെന്തെന്നു മനസ്സിലാവുന്നില്ല. വീടും കുടുംബവും വിട്ട് ഇവിടെ വന്ന് കിടക്കുന്നത് ഒരു താല്‍പര്യവും ഉണ്ടായിട്ടല്ല. ഇത്രയൊക്കെ സഹിച്ചിട്ടും ഒരു ഫലവുമില്ലാതെ വീട്ടിലേക്കു പോകാന്‍ തന്നെ തോന്നുന്നില്ല. ഇനി ഞങ്ങളിലാരെങ്കിലും എന്തെങ്കിലും കടുംകൈ ചെയ്തിട്ടെ സര്‍ക്കാര്‍ കണ്ണു തുറക്കൂ എന്നാണോ’- മന്ത്രിസഭ തീരുമാനം അറിഞ്ഞ് സിവില്‍ പൊലീസ് ഓഫിസര്‍ (സിപിഒ) റാങ്ക് പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥി ചോദിച്ചു. ‘നിയമവിരുദ്ധമായി എത്രയോ താല്‍ക്കാലിക നിയമനങ്ങളാണിപ്പോള്‍ മന്ത്രിസഭ സ്ഥിരപ്പെടുത്തുന്നത്. എന്നിട്ടും പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ വന്ന ഞങ്ങളുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും അവര്‍ക്കു താല്‍പര്യമില്ല. പഠിച്ചു ജയിച്ചതാണോ ഞങ്ങള്‍ ചെയ്ത തെറ്റ്’- ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് (എല്‍ജിഎസ്) ഉദ്യോഗാര്‍ഥിയുടെ പ്രതികരണം. സമരം അവസാനിക്കും വരെ പിന്തുണച്ചുള്ള നിരാഹാരം തുടരാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം. സെക്രട്ടേറിയറ്റിനു മുന്നില്‍ ഇന്നലെ സന്തോഷം നിറഞ്ഞത് ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളുടെ മുഖത്തു മാത്രമാണ്. ഒന്നര മാസത്തോളമായി സമരം ചെയ്യുന്ന അവരുടെ ജോലി വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ മധുരം നല്‍കിയാണ് ആഹ്ലാദം പങ്കിട്ടത്.