Tuesday, May 14, 2024
keralaNews

ശബരിമല, പൗരത്വ നിയമ പ്രക്ഷോഭങ്ങള്‍; കേസുകള്‍ പിന്‍വലിക്കും…

ശബരിമല യുവതീപ്രവേശം, പൗരത്വ ഭേദഗതി നിയമം എന്നിവയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നടന്ന പ്രക്ഷോഭങ്ങളില്‍, ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം. ശബരിമല പ്രക്ഷോഭക്കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. നാമജപ ഘോഷയാത്രയുടെ പേരില്‍ സ്ത്രീകള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കും. വഴിതടയല്‍ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരിലും നിരോധനാജ്ഞ ലംഘിച്ചു സമരം നടത്തിയതിന്റെ പേരിലുമുള്ള കേസുകളും ഒഴിവാക്കും. അതേസമയം, അക്രമങ്ങളുടെ പേരിലും വാഹനങ്ങള്‍ തകര്‍ത്തതിന്റെ പേരിലും മറ്റുമുള്ള ഗുരുതര ക്രിമിനല്‍ കേസുകള്‍ തുടരും. മന്ത്രിസഭാ യോഗത്തില്‍ അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അവതരിപ്പിച്ചത്. 2018 നവംബര്‍ മുതല്‍ 2019 ജനുവരി വരെ നീണ്ട ശബരിമല സമരത്തിന്റെ പേരില്‍ 1007 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. 4163 പേരെ അറസ്റ്റ് ചെയ്തിരുന്നു.