Monday, April 29, 2024
keralaNewsObituarypolitics

ആലപ്പുഴയില്‍ സദാചാര ഗുണ്ടായിസം: മര്‍ദ്ദനമേറ്റ്  ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ എട്ടംഗ സദാചാര ഗുണ്ട സംഘത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരി(28) ആണ് മരിച്ചത്.  കഴിഞ്ഞ വ്യാഴാഴ്ചയാണ് ശബരിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടംച്ചേര്‍ന്ന് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ശബരി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പള്ളിപ്പാട് മുട്ടത്ത് വെച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായ ഒന്നാം പ്രതി സുള്‍ഫിത്ത് അടക്കം മൂന്ന് പ്രതികള്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ബൈക്കില്‍ വരികയായിരുന്ന ശബരിയെ ഒന്നാം പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.

അതിക്രൂരമായി മര്‍ദ്ദനമേറ്റ് റോഡരികില്‍ കിടന്ന ശബരിയെ പ്രദേശവാസികള്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ശബരിയുടെ തലച്ചോറിന് ക്ഷതമേറ്റിരുന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.