Tuesday, May 14, 2024
indiaNewspolitics

അയോധ്യ: പാര്‍ട്ടി നിലപാടില്‍ നിരാശ; കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു

ഗാന്ധിനഗര്‍: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന പാര്‍ട്ടി നിലപാടില്‍ നിരാശ അറിയിച്ച് ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ സി ജെ ചവ്ഡ നിയമസഭാംഗത്വം രാജിവെച്ചു. മൂന്നുതവണ വിജപുര്‍ മണ്ഡലത്തില്‍നിന്നും എംഎല്‍എയായായിരുന്ന അദ്ദേഹം നിയമസഭാ സ്പീക്കര്‍ ശങ്കര്‍ ചൗദരിയ്ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു.

25 വര്‍ഷമായി കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന താന്‍ പാര്‍ട്ടിയില്‍നിന്നും രാജിവെച്ചതായി ചവ്ഡ അറിയിച്ചു. ”അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങുനടക്കുന്നതിനാല്‍ രാജ്യത്തെ ജനങ്ങളെല്ലാവരും സന്തോഷത്തിലാണ്. ഈ ആഹ്ലാദത്തിന്റെ ഭാഗമാകുന്നതിനുപകരം, കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് എന്നെ നിരാശനാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും പ്രവര്‍ത്തനത്തെയും നയങ്ങളെയും നമ്മള്‍ പിന്തുണയ്ക്കണം.

കോണ്‍ഗ്രസിലായതിനാല്‍ എനിയ്ക്ക് അതിന് കഴിയില്ല. അതിനാലാണ് രാജിവെച്ചത്’ – അദ്ദേഹം വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.