Thursday, May 2, 2024
keralaNewsObituary

ആര്യാടന്റെ വിയോഗം കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടം; ഉമ്മന്‍ ചാണ്ടി

കോട്ടയം: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍. മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തിയെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. 2004ലെ യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസി കോളനികളിലുമൊക്കെ വൈദ്യുതി എത്തിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. മലബാറിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും മുന്‍കൈ എടുത്തു. ശക്തമായ നിലപാടുകള്‍ കൊണ്ട് സ്വയം അടയാളപ്പെടുത്തിയ നേതാവാണ് ആര്യാടനെന്നും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. ഇന്ന് രാവിലെയാണ് ആര്യാടന്‍ മുഹമ്മദ് അന്തരിച്ചത്. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദ് കേരള നിയമസഭയിലെ മുന്‍ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. മലപ്പുറം നിലമ്പൂരില്‍ ആര്യാടന്‍ ഉണ്ണീന്റെയും കദിയുമ്മയുടേയും ഒന്‍പത് മക്കളില്‍ രണ്ടാമനായി 1935 മേയ് 15നാണ് ആര്യാടന്‍ മുഹമ്മദിന്റെ ജനനം. പി വി മറിയുമ്മയാണ് ഭാര്യ. മക്കള്‍: അന്‍സാര്‍ ബീഗം, ഷൗക്കത്ത് (നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍, കെപിസിസി സംസ്‌കാര സാഹിതി അധ്യക്ഷന്‍), കദീജ, ഡോ. റിയാസ് അലി(പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് അസ്ഥി രോഗ വിദഗ്ദന്‍). മരുമക്കള്‍: ഡോ. ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദന്‍, മസ്‌കറ്റ്), മുംതാസ് ബീഗം, ഡോ. ഉമ്മര്‍ (കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ന്യൂറോളജിസ്റ്റ്), സിമി ജലാല്‍.