Saturday, April 20, 2024
Local NewsNewsObituary

കുടുംബവഴക്കിനെ തുടര്‍ന്ന് കുത്തേറ്റ് മരിച്ചയാളിന്റെ സംസ്‌ക്കാരം ഇന്ന്

പമ്പാവാലി : കുടുംബ വഴക്കിനെ തുടര്‍ന്ന് കത്തി കൊണ്ട് കുത്തേറ്റ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച തുലാപ്പളളി ഐത്തലപ്പടി ഭാഗത്ത് താമസിക്കുന്ന ചരിവ്കാലായില്‍ ബാബു സി. റ്റി എന്നു വിളിക്കുന്ന (ഐത്തല സാബു – 45 )വിന്റെ സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1.30 ന് കണമല സെന്റ് ജോര്‍ജ് ക്‌നനായ ചര്‍ച്ചില്‍ നടക്കും. മരിച്ച ബാബുവിന്റെ ജ്യേഷ്ഠസഹോദരന്റെ ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ ഇവരുടെ മകന്‍ വീട്ടിലെ കറികത്തികൊണ്ട് കുത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെ വീടിന് സമീപത്തു വച്ചായിരുന്നു സംഭവം. സംഭവം സംബന്ധിച്ച് പമ്പ പോലീസ് കേസെടുത്തു. പരിക്കേറ്റ ബാബു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇന്നലെ രാവിലെ മരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മരിച്ച ബാബുവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. സംഭവമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു.