Friday, April 19, 2024
indiaNewspolitics

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കും

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍  കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കും. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി മുതിര്‍ന്ന നേതാവ് സി.പി.ജോഷിയും രംഗത്തുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണ സച്ചിന്‍ പൈലറ്റിനാണ്.        രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്നു വൈകിട്ട് ഏഴിന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. ജയ്പുരില്‍ ഗെലോട്ടിന്റെ വസതിയിലാണ് യോഗം. നിരീക്ഷകനായി മല്ലികാര്‍ജുന്‍ ഖര്‍ഗെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കനും പങ്കെടുക്കും. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗം പാസാക്കാനാണു സാധ്യത. മുഖ്യമന്ത്രി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകും. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള നടപടി ഗെലോട്ട് ആരംഭിച്ചിരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം മത്സരിക്കുന്ന അശോക് ഗെലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പത്രിക സമര്‍പ്പിക്കണമെന്നാണ് സച്ചിന്‍ ക്യാംപിന്റെ ആവശ്യം. ഇതിനിടെയാണ് വൈകിട്ട് 7ന് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരുന്നത്.                                                                                                                                  2018ല്‍ ഭരണം പിടിക്കാന്‍ മുന്നില്‍ നിന്ന സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. സ്പീക്കര്‍ സി.പി.ജോഷിയുമായും എംഎല്‍എമാരുമായും സച്ചിന്‍ കൂടിക്കാഴ്ച നടത്തും. എന്നാല്‍, നേരത്തേ സച്ചിന്‍ ക്യാംപിലായിരുന്ന സി.പി.ജോഷിയെ മുന്നില്‍ നിര്‍ത്തിയാണ് അശോക് ഗെലോട്ട് നീക്കങ്ങള്‍ നടത്തുന്നത്. ഭൂരിപക്ഷം എംഎല്‍എമാര്‍ പിന്തുണയ്ക്കുന്നയാളെ മുഖ്യമന്ത്രിയാക്കുക എന്ന നയത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഗെലോട്ട് ആവശ്യപ്പെടും.