Thursday, April 25, 2024
keralaNewspolitics

കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കോട്ടയം : രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയത്ത്, കോണ്‍ഗ്രസ് മുന്‍കൂട്ടി അറിയിച്ച് നടത്തിയ ജാഥയ്ക്ക് നേരെ സിപിഎം ആക്രമണം നടത്തിയിട്ട് പോലും കോണ്‍ഗ്രസുകാര്‍ക്കെതിരെയാണ് പൊലീസ് ആദ്യം കേസ് എടുത്തതെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ രാത്രി കയറിയ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല തകര്‍ത്തത് സിപിഎം പ്രവര്‍ത്തകരാണ്. വയനാട്ടില്‍ എംപി ഓഫീസിലെ ഗാന്ധി ചിത്രം കോണ്‍ഗ്രസുകാര്‍ നശിപ്പിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.ഇന്നലെ കോട്ടയത്ത് യുഡിഎഫ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് പൊലീസുമായുള്ള തെരുവ് യുദ്ധത്തിലാണ് കലാശിച്ചത്. പൊലീസിന് നേരെ കല്ലേറുണ്ടായി. പൊലീസ് ലാത്തിവീശി. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍ ഉള്‍പ്പടെ മൂന്ന് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.