Thursday, May 2, 2024
keralaNewspolitics

അസാധാരണ നടപടി; കേരള സര്‍വ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പിന്‍വലിച്ചു

തിരുവനന്തപുരം :കേരള സര്‍വകലാശാലയില്‍ അസാധാരണ നടപടിയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പിന്‍വലിച്ചു. ചാന്‍സിലറെന്ന നിലയില്‍ താന്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് പിന്‍വലിച്ചത്. വിസി നിര്‍ണയ സമിതിയിലേക്കുള്ള കേരള സര്‍വകലാശാല പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് അയോഗ്യരാക്കിയത്.  പ്രതിനിധിയെ നിര്‍ദ്ദേശിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് ഇടത് അംഗങ്ങള്‍ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു.ഇതിന് പിന്നാലെയാണ് അസാധാരണ നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങിയത്.വിട്ടുനിന്ന അംഗങ്ങളുടെ പേരുകള്‍ അടക്കമുള്ള റിപ്പോര്‍ട്ട് ഗവര്‍ണര്‍ തേടി. ഇത് ലഭിച്ചതോടെയാണ് അപൂര്‍വ്വമായി മാത്രം ഉപയോഗിക്കുന്ന ‘അംഗങ്ങളെ പിന്‍വലിക്കല്‍’ നടപടിയിലേക്ക് ചാന്‍സിലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടന്നത്. താന്‍ രണ്ടും കല്‍പ്പിച്ചെന്ന വ്യക്തമായ സൂചന നല്‍കിയാണ് 15 അംഗങ്ങളെയും അയോഗ്യരാക്കി വിസിക്ക് ഗവര്‍ണര്‍ മറുപടി നല്‍കിയതെന്ന് വ്യക്തമാണ്.