Saturday, May 4, 2024
keralaNews

അരിക്കൊമ്പനെ മയക്കുവെടി വെച്ച് ഉള്‍ക്കാട്ടില്‍ തുറന്നുവിടാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ശ്രമങ്ങള്‍ തുടരുന്നു.

കമ്പം: അരിക്കൊമ്പനെ മയക്കുവെടി വെച്ച് ഉള്‍ക്കാട്ടില്‍ തുറന്നുവിടാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ശ്രമങ്ങള്‍ തുടരുന്നു. അതിനിടെ, അരിക്കൊമ്പന്‍ വനത്തിനുള്ളിലേക്ക് നീങ്ങി. മേഘമല കടുവ സങ്കേതത്തിലെ വനമേഖലക്ക് ഉള്ളിലേക്കാണ് കൊമ്പന്‍ നീങ്ങിയത്. വനാതീര്‍ത്തിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകത്താണ് അരിക്കൊമ്പന്‍ നിലവിലുള്ളത്. മേഘമല ഭാഗത്തേക്കാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. ക്ഷീണിതന്‍ ആയതിനാല്‍ തിരികെ എത്താന്‍ താമസം ഉണ്ടായേക്കുമെന്നാണ് വനംവകുപ്പിന്റെ നിഗമനം.അരിക്കൊമ്പന്‍ ദൗത്യത്തെ തുടര്‍ന്ന് കമ്പം ബൈപ്പാസിലൂടെയുള്ള ഗതാഗതത്തിന് നിരോധനം തുടരുകയാണ്. ബൈപ്പാസിലൂടെയുള്ള ഗതാഗതം ഇന്നും നിരോധിച്ചിരിക്കുകയാണ്. അതേസമയം, അരിക്കൊമ്പന്‍ ദൗത്യത്തിനുള്ള മൂന്ന് കുങ്കിയാനകളെയും എത്തിച്ചു. ആനമാല സ്വയംഭൂ, മുത്തു, ഉദയന്‍ എന്നീ കുങ്കിയാനകളാണ് തമിഴ്‌നാടിന്റെ അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ജനവാസമേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്ന് കണ്ടെത്തി ഇന്നലെയാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറക്കിയത്. 1972 ലെ വൈല്‍ഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉള്‍ക്കാട്ടിലേക്ക് മാറ്റുമെന്നാണ് ഉത്തരവില്‍ പറയുന്നത്. കൊമ്പനെ പിടികൂടി വെള്ളമലയിലെ വരശ്‌നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം. ശ്രീവില്ലി പുത്തൂര്‍ – മേഘമലെ ടൈഗര്‍ റിസര്‍വിന്റെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററിനാണ് ദൗത്യ ചുമതല. നാളെ അതിരാവിലെ ദൗത്യം തുടങ്ങുക. സംഘത്തില്‍ 3 കുങ്കിയാനകള്‍, പാപ്പാന്മാര്‍, ഡോക്ടര്‍മാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങള്‍ എന്നിവര്‍ ഉണ്ടാകും. ഡോ. കലൈവാണന്‍, ഡോ. പ്രകാശ് എന്നിവരാണ് മിഷന്‍ അരിക്കൊമ്പന് നേതൃത്വം നല്‍കുക.