Tuesday, April 23, 2024
indiakeralaNews

ജനാധിപത്യത്തിലെ അവിസ്മരണീയ ദിനം: പ്രധാനമന്ത്രി

ദില്ലി: ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് ഇന്ന് പൂര്‍ത്തിയായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ അടയാളമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്നും അദ്ദേഹം പ്രസംഗിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുയായിരുന്നു പ്രധാനമന്ത്രി.മോദി വിളികളോടെയാണ് സദസില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വരവേറ്റത്. അമൃത മഹോത്സവത്തില്‍ ജനങ്ങള്‍ക്കുള്ള ഉപഹാരമാണ് ഈ മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ പുതിയ സൂര്യോദയത്തിന്റെ അടയാളമാണ് ഇതെന്നും പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും പുത്തന്‍ വഴികളിലേക്കും നീങ്ങുമെന്നും മോദി പറഞ്ഞു. ഭാരതം വളരുമ്പോള്‍ ലോകം വളരുന്നു. രാജ്യത്തിന്റെ വികസനത്തിന്റെ അടയാളം കൂടിയാണ് ഈ മന്ദിരം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സ്ഥാപിച്ച ചെങ്കോല്‍ രാജ്യത്തിന് മാര്‍ഗദര്‍ശിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം കൂടുതല്‍ ഉന്നതിയിലേക്ക് നീങ്ങുകയാണ്. ആത്മനിര്‍ഭര്‍ ഭാരത് അതിനുള്ള വഴികാട്ടിയാണെന്നും മോദി പറഞ്ഞു.
1200 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പാര്‍ലമെന്റ് കെട്ടിടമാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അധികാരകൈമാറ്റത്തിന്റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പ്രധാനമന്ത്രി തന്നെ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു. ശേഷം ഫലകം അനാച്ഛാദനം ചെയ്ത് പാര്‍ലമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അതേസമയം, കോണ്‍ഗ്രസും ഇടത് പക്ഷവും, ആംആദ്മി പാര്‍ട്ടിയുമടക്കം 21 കക്ഷികള്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. മതേതര രാജ്യത്ത് ഹൈന്ദവാചാര പ്രകാരം പ്രധാനമന്ത്രി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ച് തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്‌മണസംഘവുമായി പ്രധാനമനത്രി ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന സമാജ് വാദി പാര്‍ട്ടി വിമര്‍ശിച്ചു.