Friday, May 3, 2024
indiaNews

അയോധ്യയിലെ ഭൂമിയിടപാടുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍

അയോധ്യയിലെ ഭൂമിയിടപാടുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍.രാമക്ഷേത്രത്തിന് സമീപം ബിജെപി നേതാക്കളടക്കം ഭൂമി വാങ്ങിക്കൂട്ടിയെന്ന ആരോപണത്തിന്മേലാണ് അന്വേഷണം.ഉദ്യോഗസ്ഥരും വന്‍ ഇടപാടുകള്‍ നടത്തിയെന്ന് പരാതിയുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. 2019 നവംബറിലാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഈ വിധിക്ക് മുമ്പും ശേഷവും അയോധ്യയില്‍ നടന്ന ഭൂമിയിടപാടുകളാണ് വിവാദത്തിന് ഇടയായിരിക്കുന്നത്.അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് നിന്ന് അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലാണ് പല ഭൂമിയിടപാടുകളും നടന്നത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് പതിനഞ്ചോളം ഭൂമി ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഇടപാടുകളൊന്നും നേരിട്ടില്ല. ബന്ധുക്കളുടെ പേരിലോ മറ്റ് ആളുകളുടെ പേരിലോ ആണ് ഇടപാടുകള്‍. അയോധ്യയിലെ മേയറായ ഋഷികേശ് ഉപാധ്യായ് മാത്രമാണ് നേരിട്ട് ഭൂമി വാങ്ങിയിരിക്കുന്നത്. വിധി വരുന്നതിന് രണ്ടുമാസം മുമ്പാണ് മേയര്‍ ഭൂമി വാങ്ങിയത്. രണ്ട് എംഎല്‍എമാര്‍, ഡിവിഷണല്‍ കമ്മീഷണര്‍, അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് സംസ്ഥാനത്തെ ഒബിസി കമ്മീഷന്റെ അംഗം ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍, ഡിഐജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഭൂമി വാങ്ങിയതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍ ആയിരിക്കുകയാണ്.