Monday, May 6, 2024
keralaNews

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകളെ റിമാന്‍ഡ് ചെയ്തു.

തൃശൂര്‍: കീഴൂരില്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകള്‍ ചോഴിയാട്ടില്‍ വീട്ടില്‍ ഇന്ദുലേഖയെ(39) റിമാന്‍ഡ് ചെയ്തു. സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഇവര്‍ അമ്മയെ വിഷം കൊടുത്ത് കൊന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും അമ്മയോടുള്ള ഇന്ദുലേഖയുടെ പെരുമാറ്റം ക്രൂരമായിരുന്നുവെന്നാണ് വിവരം. ആശുപത്രിയിലെ ആദ്യ പരിശോധനയില്‍ തന്നെ രുഗ്മിണിയുടെ ഉള്ളില്‍ വിഷം ചെന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

വിദഗ്ധ ചികിത്സക്കായി പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചും ഡോക്ടര്‍മാര്‍ വിഷത്തിന്റെ കാര്യം ആവര്‍ത്തിച്ചു. നിര്‍ത്താതെയുള്ള ഛര്‍ദ്ദിയും ഇവര്‍ക്കുണ്ടായിരുന്നു. അവശനിലയിലായപ്പോള്‍ രുഗ്മിണി ഇന്ദുലേഖയോട് ഈ കാര്യം ചോദിക്കുകയും ചെയ്തു. ‘ മോളേ നീ വല്ല വിഷവും എനിക്ക് കലക്കിത്തന്നോ’ എന്നാണ് ചോദിച്ചത്. മരണക്കിടക്കയിലാണ് അതോര്‍ത്ത് സംസാരിച്ചോ എന്നായിരുന്നു ഈ സമയം ഇന്ദുലേഖയുടെ മറുപടി. ഇതെല്ലാം രുഗ്മിണിയുടെ ഭര്‍ത്താവും ഇന്ദുലേഖയുടെ അച്ഛനുമായ ചന്ദ്രനും കേള്‍ക്കുന്നുണ്ടായിരുന്നു. ഇന്ദുലേഖയുടെ മറുപടി രുഗ്മിണിയെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്നും ചന്ദ്രന്‍ പറയുന്നു.

ഇന്ദുലേഖ അമ്മയെ കൊലപ്പെടുത്താനുള്ള സാധ്യത ഉണ്ടെന്ന വിവരം പോലീസിനോട് പറഞ്ഞതും ചന്ദ്രനായിരുന്നു. അമ്മ മരിക്കാന്‍ പോകുന്നുവെന്ന് എങ്ങനെ മനസിലായി എന്ന് പോലീസ് ഇവരോട് ചോദിച്ചിരുന്നു. അമ്മയുടെ ആരോഗ്യസ്ഥിതി കണ്ടപ്പോള്‍ വെറുതെ പറഞ്ഞതാണെന്നായിരുന്നു ഇന്ദുലേഖയുടെ മറുപടി. മാത്രമല്ല ഇന്ദുലേഖ എലിവിഷം കളയാന്‍ ഏല്‍പ്പിച്ചത് അവരുടെ മകനെ ആയിരുന്നു. ഈ വിവരവും കൊച്ചുമകന്‍ പറഞ്ഞ് ചന്ദ്രന് അറിയാമായിരുന്നു. എലിവിഷത്തിന്റെ കാര്യം ഇന്ദുലേഖയോട് ചോദിച്ചപ്പോള്‍ എലിശല്ല്യം കൂടുതലായതിനാല്‍ മേടിച്ചതാണെന്നായിരുന്നു മറുപടി.