Thursday, April 25, 2024
keralaLocal NewsNews

ഓണത്തെ വരവേല്‍ക്കാന്‍ എലിവാലിക്കരയില്‍ വ്യാജമദ്യം.

മലയോര മേഖലയിലെ പ്രധാനപ്പെട്ട ജനവാസ കേന്ദ്രങ്ങളായ എലിവാലിക്കര, കൊപ്പം പ്രദേശങ്ങളിലെ കൂപ്പ് വനാതിര്‍ത്തി മേഖലയിലാണ് ഓണത്തെ വരവേല്‍ക്കുന്നതിനായി വന്‍തോതില്‍ വ്യാജവാറ്റ് നിര്‍മ്മാണം നടക്കുന്നത്. കൊപ്പം കേന്ദ്രീകരിച്ച് വനത്തിലും, അടുത്ത പ്രദേശങ്ങളിലെ ചില വീടുകളിലുമാണ് വ്യാജവാറ്റ് വന്‍തോതില്‍ നിര്‍മ്മിക്കുന്നത്, മുമ്പും ഈ മേഖലയില്‍ ഇത്തരത്തില്‍ വ്യാജമദ്യ നിര്‍മാണവും,വില്‍പ്പനയും നടന്നിരുന്നു.എന്നാല്‍ പോലീസ്,എക്‌സൈസ് അടക്കമുള്ള അധികൃതര്‍ ഈ വഴിക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

കുറെക്കാലം മുമ്പ് കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ ഒരു വൃദ്ധക്ക് സാരമായി പരിക്കേറ്റിരുന്നു. തിരുവോണം ആഘോഷിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോപ്പം മേഖല കേന്ദ്രീകരിച്ച് വ്യാപകമായി വാറ്റു നിര്‍മാണം നടക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വ്യാജമദ്യം ആവശ്യമുള്ളവര്‍ക്ക് ഓട്ടോകളില്‍ വീടുകളില്‍ എത്തിക്കുന്ന കച്ചവടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ വ്യാജമദ്യം നിര്‍മ്മാണത്തോടൊപ്പം അത് ഉപയോഗിച്ചും മേഖലയില്‍ ജനജീവിതത്തെ പ്രതിസന്ധിയിലാക്കുന്നതും പതിവായിരിക്കുകയാണ് .വ്യാജമദ്യ നിര്‍മ്മാണത്തിനു പിന്നില്‍ യുവാക്കളും,സ്‌കൂളുകളില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികളുമാണ് നേതൃത്വം നല്‍കുന്നതും നാട്ടുകാര്‍ പറയുന്നു.
വ്യാജമദ്യം കൂടാതെ കഞ്ചാവും മേഖലയില്‍ വ്യാപകമായി ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്നതായും നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇതില്‍ മുമ്പ് നിരവധി തവണ പോലീസ് ഈ മേഖലയില്‍ വന്നിട്ടുണ്ടെങ്കിലും ഒരാളെ പോലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല . ഓണത്തെ വ്യാജ മദ്യത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .