Tuesday, April 30, 2024
keralaNewsObituary

അഭിരാമിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം ആന്റോ ആന്റണി എം പി

പത്തനംതിട്ട:തെരുവ് നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട റാന്നി പെരുനാട് ചേര്‍ത്തലപ്പടി ഷീനാ ഭവനില്‍ അഭിരാമി (12) യുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആന്റോ ആന്റണി എം പി ആവശ്യപ്പെട്ടു.                                                        തെരുവ് നായയുടെ കടിയേറ്റത്തിന് ശേഷം മൂന്നു വാക്‌സിനുകള്‍ എടുത്തിട്ടും കുട്ടി മരണമടഞ്ഞത് വളരെയധികം ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. വാക്‌സിനുകളുടെ ഗുണമേന്മയെ സംബന്ധിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്കയ്ക്ക് അടിവര ഇടുന്നതാണ് ഈ സംഭവം. പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്‌സിന്റെ കാര്യക്ഷമതയെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി ഗുണമേന്മ ഇല്ലാത്ത വാക്‌സിനുകള്‍ മുഴുവന്‍ പിന്‍വലിച്ച് ഫലപ്രദമായ വാക്‌സിനുകള്‍ ആശുപത്രികളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാവണം.                                                                                 ഒരു വര്‍ഷത്തിനിടയില്‍ ഇരുപതോളം ആളുകള്‍ പേ വിഷബാധയേറ്റ് മരണമടയുകയും, 2 ലക്ഷത്തോളം ആളുകള്‍ക്ക് തെരുനായ്ക്കളുടെ കടിയേല്‍ക്കുകയും ചെയ്തു. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്ന കാര്യത്തിലും ഫലപ്രദമായ വാക്‌സിനുകള്‍ ലഭ്യമാക്കുന്ന കാര്യത്തിലും യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ്. മുന്‍പ് തെരുവുനായയുടെ കടിയേറ്റാല്‍ പ്രതിരോധ വാക്‌സിന്‍ ഫലപ്രദമായിരുന്നു.                                   എന്നാല്‍ ഇപ്പോള്‍ യാതൊരു ഗുണമേന്മയുമില്ലാത്ത പ്രതിരോധ വാക്‌സിനുകള്‍ ആണ് നിലവില്‍ ഉള്ളത് എന്നാണ് നൂറുകണക്കിന് ആളുകളുടെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. ആയതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് ഗുണമേന്മയുള്ള വാക്‌സിനുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. അഭിരാമിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നും എം പി പറഞ്ഞു. ഓഗസ്റ്റ് 13ന് രാവിലെ പാലു വാങ്ങാന്‍ പോകുമ്പോഴാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്.