Thursday, April 18, 2024
keralaNews

കളരികള്‍ രമണീമയം പിന്നെ അറിവിന്റെ ആദ്യാക്ഷരം കുറിപ്പിച്ച് അക്ഷരങ്ങളുടെ ആശാട്ടിമാര്‍

സ്വര വ്യഞ്ജനാക്ഷരങ്ങളുടെ സൗന്ദര്യം നുകര്‍ന്ന് അറിവിന്റെ ആദ്യാക്ഷരം കുരു  ന്നുകളില്‍ കുറിച്ച് ത്രിമൂര്‍ത്തികളായ ‘രമണി ‘മാരും പിന്നെ മറ്റൊരു കുടുംബവും ശ്രദ്ധേയമാവുകയാണ് ഇന്ന്.ലോക അധ്യാപക ദിനത്തില്‍ ഇവരുടെ ശ്രദ്ധേയമായ സാന്നിധ്യം ഇന്ന് വിസ്മരിക്കാവുന്നതല്ല. രണ്ടും മൂന്നും നാലും തലമുറകളില്‍പ്പെട്ട കുരുന്നുകള്‍ക്ക് ആദ്യാക്ഷരത്തില്‍ അറിവ് പകര്‍ന്ന് ചരിത്രമാണ് എരുമേലിയിലെ   കളരി ടീച്ചര്‍മാര്‍ക്ക് പറയാനുള്ളത് .

അപ്പൂപ്പന്റെ കാലം മുതല്‍ കൈമാറി വന്ന കഴിഞ്ഞ 80 വര്‍ഷത്തെ നിറഞ്ഞ പാരമ്പര്യമാണ് എരുമേലി സ്വദേശിനി നാലുമാവുങ്കള്‍ വീട്ടില്‍ കെ സി രമണിയമ്മ ടീച്ചര്‍ക്ക് പറയാനുള്ളത്. ആദ്യം അപ്പൂപ്പനായ ശങ്കുപ്പിള്ള ആശാന്‍, പിന്നെ അമ്മയായ പി എസ് തങ്കമ്മ -പിന്നെ രമണിയമ്മ അങ്ങനെ തുടരുകയാണ് നിലെത്തെഴുത്തിന്റെ ചരിത്രം.

മണിപ്പുഴ സ്വദേശിനി    മഠത്തുംകുന്നേല്‍ രമണിടീച്ചറാണ് 33 വര്‍ഷത്തെ കളരിയിലെ കുരുന്നുകളുമായുള്ള സൗഹൃദം പങ്കുവയ്ക്കുന്നത്. വീട്ടിലും മറ്റു നിരവധി സ്ഥലങ്ങളിലും സ്വന്തമായി കളരികള്‍ സ്ഥാപിച്ച് കുരുന്നുകള്‍ക്ക് വിദ്യ പകര്‍ന്നു. എരുമേലി സ്വദേശിനി രമ്യ ഭവനില്‍ എല്‍ എസ് രമണി ടീച്ചര്‍ തന്റെ 18 വര്‍ഷത്തെ കളരിയുടെ മഹിമയാണ് ഇവിടെ പറയുന്നത്. എല്‍കെജിയും, യുകെജിയും പഠിപ്പിച്ച് പഠനത്തിന്റെ നല്ലവശങ്ങള്‍ കുരുന്നുകള്‍ക്ക് പകര്‍ന്നു നല്‍കി.

എരുമേലി ചക്കാലേത്ത് വീട്ടില്‍ രാജന്‍ പി.ജി/രാധാമണി ദമ്പതികള്‍ കഴിഞ്ഞ 35 വര്‍ഷമായി കുട്ടികള്‍ക്ക് ആദ്യാക്ഷരം നല്‍കുന്ന ചരിത്രമാണ് ഇവര്‍ക്കുള്ളത്. രണ്ട് തലമുറയില്‍പ്പെട്ട കുട്ടികള്‍ക്ക് മലയാളത്തിലെ ആദ്യാക്ഷരം നല്‍കിയെന്നും അവര്‍ പറഞ്ഞു.ആദ്യം നിലത്ത് മണല്‍ വിരിച്ച് അക്ഷരങ്ങള്‍ പഠിപ്പിച്ചു.പിന്നെ പൊടി മണല്‍ നിരത്ത് വിരിച്ച് പിഞ്ചു കൈകള്‍ കൊണ്ട് ഹരി ശ്രീ എന്ന് തുടങ്ങുന്ന മലയാളത്തിന്റെ സ്വര – വ്യഞ്ജനാക്ഷരങ്ങളുടെ കൂടിച്ചേരലുകള്‍, ഉച്ചാരണങ്ങള്‍, അക്ഷരങ്ങള്‍ എഴുതുന്ന രീതി,മടിയില്ലാതെ ഉച്ചത്തില്‍ വായിച്ച് മനസില്‍ ഉറപ്പിക്കാനും എല്ലാം അവര്‍ കുരുന്നുകെളെ ഇവിടെ പഠിപ്പിച്ചു.
പഠിച്ച കുരുന്നുകള്‍ ഇന്ന് വലിയ വിദ്യാര്‍ഥികളായി ഉന്നത ജോലിയും സമ്പാദിച്ചു നല്ലനിലയില്‍ ജീവിക്കുന്നത് കാണുമ്പോള്‍ ടീച്ചര്‍മാരുടെ മനസ്സില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഇവര്‍ പറഞ്ഞു.

അച്ഛനെയോ – അമ്മയെയോ പിന്നെ മക്കളെയും,അവരുടെ മക്കളേയുമെല്ലാം ഇതുപോലെ പഠിപ്പിച്ചതിന്റെ സൗഭാഗ്യവും – ഓര്‍മ്മയും ഇപ്പോഴും ഇവര്‍ പങ്കുവയ്ക്കുന്നു.ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കടന്നു വരവില്‍ കളരികളുടെ നിറം അല്പം മങ്ങിയെന്ന് തോന്നാമെങ്കിലും മലയാളത്തിന്റെ ആദ്യാക്ഷരം സമ്മാനിച്ച ആ സുന്ദരമായ നിമിഷങ്ങള്‍ ഓര്‍ക്കാത്തവര്‍ ഇല്ല. മലയാളം പഠിക്കാന്‍ ഇന്നും കളരിയില്‍ തന്നെ പോകണമെന്ന് പറയാത്തവരുമില്ല.