Wednesday, May 1, 2024
keralaNewspolitics

അനിലിന് അങ്ങയുടെ അനുഗ്രഹം ഉണ്ടാകുമെന്ന് താന്‍ കരുതുന്നു

കാഞ്ഞിരപ്പള്ളി:പത്തനംതിട്ടയ്ക്ക് ലഭിച്ച ഊര്‍ജ്ജസ്വലനായ നേതാവാണ് അനില്‍ കെ ആന്റണിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മുതിര്‍ന്ന നേതാവായ എ കെ ആന്റണിയോട് വളരെയധികം ബഹുമാനമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിപ്പിച്ചെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തിലായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. പത്തു വര്‍ഷത്തിനിടെ ഒരു അഴിമതി ആരോപണം പോലും ബിജെപി സര്‍ക്കാര്‍ നേരിട്ടിട്ടില്ല. അനില്‍ ആന്റണിയുടെ പിതാവിനു നേരെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ല.  എന്നാല്‍ കോണ്‍ഗ്രസിന്റെ മറ്റ് ഒരു പാട് മന്ത്രിമാര്‍ അഴിമതി കേസുകളില്‍ ജയിലില്‍ പോയിട്ടുണ്ട്. അനിലിന് ബിജെപിയില്‍ വലിയ ഭാവിയുണ്ട്. മകന് വോട്ട് നല്‍കണ്ട, അനുഗ്രഹം നല്‍കണം. ആന്റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അതുകൊണ്ട് അനില്‍ തനിക്ക് ബന്ധുവിനെ പോലെ ആണെന്നും രാജിനാഥ് സിംഗ് പറഞ്ഞു.അനില്‍ കെ ആന്റണിയെ പോലെ ഊര്‍ജ്ജസ്വലനായ ഒരു നേതാവിനെയാണ് നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന് വേണ്ടി വോട്ട് ചോദിക്കാനാണ് ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കുന്നത്.

അനില്‍ കെ.ആന്റണിയുടെ പിതാവായ എ കെ ആന്റണിയോട് എനിക്ക് വളരെ അധികം ബഹുമാനമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഒരു പ്രസ്താവന എന്നെ വളരെയധികം ആശ്ചര്യപ്പെടുത്തി. സ്വന്തം മകനായ അനില്‍ കെ ആന്റണി പരാജയപ്പെടണമെന്നാണ് എ കെ ആന്റണിയുടെ ആഗ്രഹം. പക്ഷേ ആന്റണിയോട് താന്‍ പറയുന്നു, ആന്റണിയുടെ മകനാണ് അനില്‍. അങ്ങയുടെ അനുഗ്രഹം അനിലിന് ഉണ്ടാകുമെന്ന് താന്‍ കരുതുന്നു.

എകെ ആന്റണി രാജ്യത്തെ പ്രതിരോധ മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. ആ സ്ഥാനത്തിരുന്നാണ് ഇന്ന് ഞാനും ചുമതല വഹിക്കുന്നത്. എകെ ആന്റണിയെ കുറിച്ച് വളരെ നല്ലത് മാത്രമേ പറയാനുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചു, രാജ്നാഥ് സിംഗ് പറഞ്ഞു. എ കെ ആന്റണി വളരെ ആദര്‍ശവാനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സമ്മര്‍ദ്ദമായിരിക്കും പ്രസ്താവനയ്ക്ക് പിന്നിലെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.

അനില്‍ ആന്റണിയെ പിന്തുണയ്ക്കാനുള്ള ബുദ്ധിമുട്ട് എ കെ ആന്റണിക്കുണ്ടായിരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ മനസ് എന്നും അനില്‍ കെ ആന്റണിക്കൊപ്പമായിരിക്കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഭാരതത്തിന്റെ ചന്ദ്രയാന്‍ ദൗത്യം വിജയിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ രാഹുല്‍യാന്‍ ദൗത്യം കഴിഞ്ഞ ഇരുപത് വര്‍ഷമായിട്ടും എങ്ങും എത്തിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു