Sunday, May 5, 2024
keralaNews

അനധികൃതമായി അവധിയില്‍ തുടരുന്ന ജീവനക്കാരെ ഉടന്‍ പിരിച്ചുവിടാന്‍ ധനവകുപ്പിന്റെ നിര്‍ദേശം.

അനധികൃതമായി അവധിയില്‍ തുടരുന്ന ജീവനക്കാരെ ഉടന്‍ പിരിച്ചുവിടാന്‍ ധനവകുപ്പിന്റെ നിര്‍ദേശം. ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി 20 വര്‍ഷത്തില്‍ നിന്ന് അഞ്ചാക്കി ചുരുക്കിയ സാഹചര്യത്തിലാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ധനവകുപ്പ് വകുപ്പ് മേധാവികള്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.
2020 നവംബര്‍ അഞ്ചുമുതല്‍ അവധി വെട്ടിച്ചുരുക്കല്‍ പ്രാബല്യത്തില്‍ വരും. അതിനുശേഷം അവധിക്ക് അപേക്ഷിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ശമ്പളം ഇല്ലാ അവധി അനുവദിക്കില്ല. അഞ്ചുവര്‍ഷത്തിനുശേഷം ജോലിയില്‍ തിരിച്ചെത്താത്തവരെ പിരിച്ചുവിടും.നിലവില്‍ ഒരു ഘട്ടത്തില്‍ അഞ്ചുവര്‍ഷം എന്ന നിലയ്ക്ക് 20 വര്‍ഷംവരെയാണ് അവധി അനുവദിച്ചിരുന്നത്. വിദേശത്തോ സ്വദേശത്തോ മെച്ചപ്പെട്ട തൊഴില്‍ ചെയ്യാനും പങ്കാളിയോടൊപ്പം താമസിക്കാനുമാണ് ശമ്പളമില്ലാത്ത അവധി അനുവദിച്ചിരുന്നത്. ഓരോ ഘട്ടം കഴിഞ്ഞും അവധി നീട്ടാന്‍ അപേക്ഷിക്കണമായിരുന്നു.

എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം പരമാവധി അഞ്ചുവര്‍ഷം മാത്രമേ ലഭിക്കൂ. അതിനുശേഷം അവധി നീട്ടാന്‍ സാധിക്കില്ല. ഇത് കൂടാതെ പുതിയ നിയമം പ്രാബല്യത്തില്‍വരുന്ന തീയതിക്കുമുമ്പ് അവധി നീട്ടാന്‍ അപേക്ഷിച്ചവര്‍ക്ക് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. ഇവര്‍ ഏതെങ്കിലും തൊഴിലുടമയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് ഉള്‍പ്പെടെയാണ് അപേക്ഷിക്കേണ്ടത്. കൂടാതെ അതാത് വകുപ്പുമേധാവിയുടെ ശുപാര്‍ശയും ധനവകുപ്പിന്റെ അംഗീകാരവും ഉണ്ടെങ്കില്‍ മാത്രമേ ഇവര്‍ക്ക് അവധി നീട്ടിയെടുക്കാനും സാധിക്കൂ.